കളത്തിലേക്ക് തിരിച്ചെത്തി ക്രിസ്റ്റിയൻ എറിക്സൻ, എങ്കിലും ബ്രന്റ്ഫോർഡ് തോൽവി വഴങ്ങി

Screenshot 20220226 230117

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ നിർണായക ജയം നേടി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ മറികടന്നത്. യൂറോ കപ്പിൽ ഹൃദയാഘാതം കാരണം കളം വിട്ട ക്രിസ്റ്റിയൻ എറിക്സന്റെ ഫുട്‌ബോളിലേക്കുള്ള തിരിച്ചു വരവ് കൂടി ഇന്ന് കാണാൻ ആയി. രണ്ടാം പകുതിയിൽ ജെൻസനു പകരക്കാനായി ആണ് എറിക്സൻ കളത്തിലേക്ക് തിരിച്ചു വന്നത്. എറിക്സന്റെ സാന്നിധ്യവും പക്ഷെ ബ്രന്റ്ഫോർഡിനെ തുണച്ചില്ല.

ആദ്യ പകുതിയിൽ 11 മത്തെ മിനിറ്റിൽ ജോഷ് ഡസിൽവ ചുവപ്പ് കാർഡ് കണ്ടത് ആണ് ബ്രന്റ്ഫോർഡിനു തിരിച്ചടി ആയത്. ആദ്യം റഫറി മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ അത് ചുവപ്പ് കാർഡ് ആയി വിധിക്കുക ആയിരുന്നു. തുടർന്ന് 33 മത്തെ മിനിറ്റിൽ ഫ്രേസറുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ജോലിന്റൺ ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഫാബിയൻ ഷാറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ വില്ലോക്ക് ന്യൂകാസ്റ്റിൽ ജയം ഉറപ്പിച്ചു. ജയത്തോടെ ബ്രന്റ്ഫോഡിനെ മറികടന്നു 14 സ്ഥാനത്ത് എത്താൻ ന്യൂകാസ്റ്റിലിന് ആയി.