പ്രീമിയർ ലീഗിൽ ഒരിക്കലും വിട്ട് കൊടുക്കാതെ പൊരുതി തിരിച്ചു വന്നു ജയം കണ്ടു ആഴ്‌സണൽ ആദ്യ നാലിന് തൊട്ടു അടുത്ത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ആഴ്‌സണലും വോൾവ്സും തമ്മിലുള്ള പോരാട്ടം രണ്ടു ടീമുകൾക്കും വളരെ നിർണായകമായത് ആയിരുന്നു. മത്സരത്തിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത് എന്നാൽ പത്താം മിനിറ്റിൽ ഗബ്രിയേൽ പിറകോട്ടു നൽകിയ പാസ് പിടിച്ചെടുത്ത ഹ്വാങ് വോൾവ്സിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. ഇതിനു മുമ്പ് സെയിസ് നേടിയ ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. ഗോൾ നേടിയ ഉടൻ ഹിമനസിന് ലഭിച്ച അവസരം പാഴായത് ആഴ്‌സണലിന് ആശ്വാസമായി. ഗോൾ തിരിച്ചടിക്കാനുള്ള ആഴ്‌സണലിന്റെ ശ്രമങ്ങൾ ആണ് പിന്നീട് കണ്ടത്. മാർട്ടിനെല്ലിയും സാക്കയും, ഒഡഗാർഡും അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ പലപ്പോഴും ഗോളിന് മുന്നിൽ ലാകസെറ്റക്ക് ലക്ഷ്യം മാത്രം കാണാൻ ആയില്ല. ഇരു പകുതികളിലും ആയി 26 ഷോട്ടുകൾ ആണ് മത്സരത്തിൽ ആഴ്‌സണൽ അടിച്ചത്.
വോൾവ്സ് സർവ്വം മറന്നു പ്രതിരോധിച്ചതും ലക്ഷ്യം കാണാൻ ആഴ്‌സണലിന് ആവാത്തതും അവർക്ക് തിരിച്ചടി നൽകി. ഇടക്ക് വോൾവ്സ് പ്രത്യാക്രമണം ആഴ്‌സണലിന് പ്രശ്നങ്ങളും സൃഷ്ടിച്ചു. എന്നാൽ മത്സരത്തിൽ പകരക്കാരായി നിക്കോളാസ് പെപെയെയും, എഡി എങ്കിതയും കൊണ്ടു വന്ന മൈക്കിൾ ആർട്ടെറ്റയുടെ തീരുമാനം കളി മാറ്റി. 82 മത്തെ മിനിറ്റിൽ ഒടുവിൽ എമിറേറ്റ്‌സ് കാത്തിരുന്ന ഗോൾ വന്നു. മാർട്ടിൻ ഒഡഗാർഡ് മനോഹരമായി മറിച്ചു നൽകിയ പന്ത് എങ്കിത പെപെക്ക് പാസ് ചെയ്തു. മനോഹരമായി ഗോൾ കണ്ടത്തിയ പെപെ ആഴ്‌സണലിന് സമനില സമ്മാനിച്ചു. വളരെ നാളുകൾക്ക് ശേഷമാണ് താരം ആഴ്‌സണലിന് ആയി ഗോൾ നേടുന്നത്. സമയം പാഴാക്കാൻ വോൾവ്സ് ശ്രമിച്ചപ്പോൾ വിജയ ഗോളിന് ആയി ആരാധകരുടെ വലിയ പിന്തുണയോടെ ആഴ്‌സണൽ ഇരച്ചു വരുന്നത് ആണ് പിന്നീട് കാണാൻ ആയത്. 95 മത്തെ മിനിറ്റിൽ സാക്കയുടെ മികച്ച ശ്രമം വോൾവ്സ് ഗോൾ കീപ്പർ ജോസെ സാ കുത്തിയകറ്റി, ഈ പന്ത് പിടിച്ചെടുത്ത ഒഡഗാർഡ് പന്ത് പെപെക്ക് മറിച്ചു നൽകി.
പെപെ നൽകിയ പന്തിൽ നിന്നു ലാകസെറ്റ ഉതിർത്ത മികച്ച ഒരു ഷോട്ട് ജോസെ സായുടെ കയ്യിൽ തട്ടി ഗോൾ ആയതോടെ എമിറേറ്റ്‌സ് അലറി വിളിച്ചു. സായുടെ സെൽഫ് ഗോൾ ആയി വിധിയെഴുതിയ ഗോൾ നേടിയ ശേഷം ഭ്രാന്തമായി ആണ് ലാകസെറ്റയും ആഴ്‌സണൽ താരങ്ങളും ഗോൾ ആഘോഷിച്ചത്. ഏറ്റവും നിർണായക ജയത്തോടെ ആഴ്‌സണൽ ലീഗിൽ 2 മത്സരങ്ങൾ അധികം കളിച്ചു നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ വെറും 1 പോയിന്റ് മാത്രം പിറകിൽ അഞ്ചാം സ്ഥാനത്ത് ആണ്. വോൾവ്സ് ആവട്ടെ ഏഴാം സ്ഥാനത്ത് തുടരും. മികച്ച ഫോമിലുള്ള വോൾവ്സിന് എതിരെ ഏറ്റവും നിർണായക മത്സരത്തിൽ ഒരിക്കലും വിട്ടു കൊടുക്കാതെ പൊരുതി നേടിയ ജയം ആഴ്‌സണലിന് വലിയ ആത്മവിശ്വാസം ആണ് നൽകുക. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന മൈക്കിൾ ആർട്ടെറ്റയുടെ ടീമിന് ഓരോ ജയവും വളരെ അധികം പ്രാധാന്യം ഉള്ളതാണ്.