നാപൾസിൽ ബാഴ്സലോണയുടെ ആറാട്ട്!! മനോഹര ഫുട്ബോൾ കളിച്ച് സാവിയുടെ ടീം മുന്നോട്ട്

20220225 033747

യൂറോപ ലീഗ് പ്ലേ ഓഫിൽ ബാഴ്സലോണക്ക് വലിയ വിജയം. നാപോളിയെ രണ്ടാം പാദത്തിൽ നാപൾസിൽ വെച്ച് നേരിട്ട ബാഴ്സലോണ ഇന്ന് 4-2ന്റെ വലിയ വിജയം തന്നെ നേടി. ആദ്യ പാദം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചിരുന്നത്. ഇന്ന് അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബാഴ്സലോണ എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ജോർദി ആൽബയിലൂടെ ആയിരുന്നു ബാഴ്സലോണയുടെ ആദ്യ ഗോൾ. വോൾവ്സിൽ നിന്ന് എത്തിയ അദാമ ട്രയോരെ നടത്തിയ ഒരു മികച്ച റൺ ആണ് ആ ഗോൾ ഒരുക്കിയത്.
20220225 033800

ഇതിനു പിന്നാലെ 13ആം മിനുട്ടിൽ ഡിയോങ് ബാഴ്സലോണയുടെ ലീഡ് ഇരട്ടിയാക്കി. മറ്റൊരു ജനുവരി സൈനിംഗ് ആയ ഫെറാൻ ടോറസ് ആണ് ഡിയോങ്ങിന്റെ ഗോൾ ഒരുക്കിയത്. 23ആം മിനുട്ടിൽ ഒസിമനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇൻസിനെ നാപോളിക്ക് പ്രതീക്ഷ നൽകി.

എന്നാൽ ആദ്യ പകുതിയുടെ അവസാനം പികെ നേടിയ ഗോൾ ബാഴ്സലോണയുടെ സമ്മർദ്ദം കുറച്ചു. രണ്ടാം പകുതിയിൽ 59ആം മിനുട്ടിലെ ഒബാമയങ് ഗോൾ ബാഴ്സലോണയുടെ സ്കോർ 4-1 ആക്കി. ഈ ഗോളും ട്രയോരെ ആയിരുന്നു ഒരുക്കിയത്. താരത്തിന്റെ ബാഴ്സലോണ രണ്ടാം വരവിലെ നാലാമത്തെ അസിസ്റ്റാണിത്. 87ആം മിനുട്ടിൽ പൊളിറ്റാനോ ഒരു ഗോൾ കൂടെ നാപോളിക്ക് ആയി നേടി എങ്കിലും വൈകിയിരുന്നു. രണ്ട് പാദങ്ങളിലുമായി 5-3 എന്ന സ്കോറിനാണ് ബാഴ്സലോണ വിജയിച്ചത്.