ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു തങ്ങളുടെ ടോപ് ഫോർ സാധ്യതകൾ സജീവമാക്കി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മത്സരത്തിൽ ആഴ്‌സണൽ ജയം കണ്ടത്. ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ആഴ്‌സണൽ മുന്നിലെത്തി. ലീഡ്സ് ഗോൾ കീപ്പർ എമിലിയറിനെ സമ്മർദ്ദത്തിലാക്കി പന്ത് തട്ടിയെടുത്തു മുൻ ലീഡ്സ് താരം കൂടിയായ എഡി എങ്കിത ഗോൾ നേടുക ആയിരുന്നു. തുടർന്ന് 10 മിനിറ്റുകൾക്ക് ഉള്ളിൽ മാർട്ടിനെല്ലി ലീഡ്സ് പ്രതിരോധത്തെ ഡ്രിബിൾ ചെയ്തു നൽകിയ പാസിൽ നിന്നു താരം ആഴ്‌സണലിന്റെ മുൻതൂക്കം ഇരട്ടിയാക്കി. കഴിഞ്ഞ നാലു മത്സരങ്ങളിൽ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്.
20 വർഷങ്ങൾക്ക് ശേഷം കാനുവിനു ശേഷം ആദ്യമായാണ് ഒരു ആഴ്‌സണൽ താരം പ്രീമിയർ ലീഗിൽ ആദ്യ 10 മിനിറ്റിൽ 2 ഗോളുകൾ നേടുന്നത്. 27 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിക്ക് എതിരായ അപകടകരമായ ഫോളിന് ക്യാപ്റ്റൻ ലൂക് എയിലിങ് ചുവപ്പ് കാർഡ് കണ്ടത് ലീഡ്‌സിനു വലിയ തിരിച്ചടിയായി. റഫറി ആദ്യം ഇതിനു മഞ്ഞ കാർഡ് ആണ് നൽകിയത് എങ്കിലും വാർ പരിശോധനക്ക് ശേഷം റഫറി ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ആണ് ആഴ്‌സണൽ തുറന്നത്. രണ്ടാം പകുതിയിലും സമാനമായി കളിച്ച ആഴ്‌സണലിന് പക്ഷെ ഗോളുകൾ കണ്ടത്താൻ ആയില്ല. മാർട്ടിനെല്ലിക്ക് ലഭിച്ച അവസരങ്ങൾ താരത്തിന് മുതലാക്കാൻ ആയില്ല.
19 ഷോട്ടുകൾ ആണ് ആഴ്‌സണൽ ഉതിർത്തത്. 66 മത്തെ മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നു ജൂനിയർ ഫിർപോയുടെ പാസിൽ നിന്നു യോറന്റെ ഗോൾ നേടിയതോടെ ആഴ്‌സണൽ ചെറിയ സമ്മർദ്ദം നേരിട്ടു. മത്സരത്തിൽ ലീഡ്സ് ഉതിർത്ത ആദ്യ ഷോട്ട് ആയിരുന്നു ഇത്. ഗോൾ വഴങ്ങിയെങ്കിലും ജയം അനായാസം കണ്ടത്തിയ ആഴ്‌സണൽ ലീഡ്സിന്റെ തിരിച്ചു വരൽ ശ്രമങ്ങൾ അതിജീവിച്ചു. ജയത്തോടെ നിലവിൽ മൂന്നാം സ്ഥാനക്കാരായ ചെൽസിയെക്കാൾ 1 പോയിന്റ് മാത്രം പിന്നിൽ ആണ് ആഴ്‌സണൽ, അഞ്ചാം സ്ഥാനക്കാരായ ടോട്ടൻഹാനിനെക്കാൾ 4 പോയിന്റുകൾ മുന്നിലും. അതേസമയം പരാജയത്തോടെ നിലവിൽ പതിനെട്ടാം സ്ഥാനത്ത് ആണ് ലീഡ്സ്.