1962 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഫുട്ബോളിലെ അവസാന താരവും ലോകത്തോട് വിടപറഞ്ഞു. കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്ബോളിൽ ഇതിഹാസം രചിച്ച പി കെ ബാനർജിയുടെ മരണം ഇന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഫെബ്രുവരി ആദ്യ ആഴ്ച മുതൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു പി കെ ബാനർജി ഉണ്ടായിരുന്നത്. 83 വയസ്സായിരുന്നു.
ഇന്ത്യക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക്സിൽ ബൂട്ട് അണിഞ്ഞിട്ടുണ്ട് ബാനർജി. ഇന്ത്യക്കായി 84 മത്സരങ്ങൾ കളിച്ച അദ്ദേഹം 64 ഗോളുകൾ രാജ്യത്തിനായി നേടി എന്ന് കണക്കുകൾ പറയുന്നു. ഫിഫ അംഗീകരിച്ച 45 മത്സരങ്ങൾ ഇന്ത്യക്കായി ബാനർജി കളിച്ചു. അതിൽ 14 ഗോളുകളും അദ്ദേഹം നേടി. അർജ്ജുന അവാർഡ്, പദ്മശ്രീ പുരസ്കാരം, ഫിഫയുടെ പ്രത്യേക ബഹുമതി ഒക്കെ പി കെ ബനാർജിയെ തേടി എത്തിയിട്ടുണ്ട്. ഫുട്ബോൾ പരിശീലകനായും ഏറെ മികവ് തെളിയിക്കാൻ അദ്ദേഹത്തിനായി.
ഈസ്റ്റ് ബംഗാൾ, മോഹം ബഗാൻ, ടാറ്റ് ഫുട്ബോൾ അക്കാദമി എന്നിവിടങ്ങളിൽ ഒക്കെ അമരക്കാരനായി പി കെ ബാനർജി ഉണ്ടായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനെയും രണ്ട് തവണ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകനായാണ് ബാനർജിയെ വിലയിരുത്തുന്നത്.