ബാഴ്സലോണ ഒരു വലിയ എവേ വിജയം നേടിയതിനോട് ഒപ്പം ഒരു ചരിത്ര രാത്രി കൂടെ ആയിരുന്നു. ലയണൽ മെസ്സി എന്ന ഇതിഹാസം പെലെ എന്ന ഇതിഹാസത്തെ മറികടന്ന രാത്രി ആയിരുന്നു. പെലെയുടെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ആണ് മെസ്സി ഇന്നലെ മറികടന്നത്. ഇന്നലെ വല്ലഡൊയ്യിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ തോൽപ്പിച്ചപ്പോൾ അതിൽ ഒരു ഗോൾ മെസ്സിയുടെ വക ആയിരുന്നു.
ബാഴ്സലോണ വേണ്ടി മെസ്സി നേടുന്ന 644ആം ഗോൾ. പെലെയുടെ സാന്റോസിനായി നേടി 643 ഗോളുകൾ പിറകിൽ ആയി. ഇത്തരമൊരു ചരിത്രം താൻ കുറിക്കും എന്ന് ഒരിക്കലും കരുതിയില്ല എന്ന് മെസ്സി ചരിത്ര നിമിഷത്തെ കുറിച്ച് പറഞ്ഞു. 757 മത്സരങ്ങളിൽ നിന്നായിരുന്നു പെലെയുടെ 643 ഗോളുകൾ. മെസ്സിക്ക് പെലെയുടെ അത്ര മത്സരങ്ങൾ വേണ്ടി വന്നില്ല. 749 മത്സരങ്ങളാണ് മെസ്സി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ചത്.
മെസ്സിയെ കൂടാതെ ലെങ്ലെറ്റും ബ്രെത്വൈറ്റുമാണ് ബാഴ്സക്കായി ഇന്നലെ ഗോളുകൾ നേടിയത്. ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും മെസ്സി ഇന്നലെ ഒരുക്കിയിരുന്നു. ബാഴ്സലോണ ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.