ഐപിഎലിലെ ആദ്യ എലിമിനേറ്ററിൽ റണ്ണടിച്ച് കൂടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രജത് പടിദാറിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം വെടിക്കെട്ട് ബാറ്റിംഗുമായി ദിനേശ് കാര്‍ത്തിക്കും മിന്നിത്തിളങ്ങിയപ്പോള്‍ ആര്‍സിബി 207 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
ദിനേശ് കാര്‍ത്തിക്കിന്റെയും പടിദാറിന്റെയും ക്യാച്ചുകള്‍ കൈവിട്ടും മോശം ഫീൽഡിംഗിലൂടെയും ലക്നൗ റോയൽ ചലഞ്ചേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 10.3 ഓവറിൽ പ്രധാന താരങ്ങളെ എല്ലാം നഷ്ടമായ ആര്‍സിബി 86/3 എന്ന നിലയിലായിരുന്നു.
തുടക്കം മുതൽ തന്നെ അതിവേഗത്തിലാണ് രജത് പടിദാര്‍ സ്കോറിംഗ് നടത്തിയത്. ദിനേശ് കാര്‍ത്തിക് 23 പന്തിൽ 37 റൺസ് നേടിയപ്പോള്‍ രജത് പടിദാര്‍ 54 പന്തിൽ 112 റൺസ് നേടി. ഇതിൽ രവി ബിഷ്ണോയി എറിഞ്ഞ 16ാം ഓവറിൽ ആദ്യ പന്തിൽ കാര്‍ത്തിക് സിംഗിള്‍ നേടി സ്ട്രൈക്ക് മാറിയപ്പോള്‍ മൂന്ന് സിക്സും രണ്ട് ഫോറും രജത് പടിദാര്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 27 റൺസ് വന്നു. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 പന്തിൽ 92 റൺസാണ് നേടിയത്.