പണക്കൊഴുപ്പിന്റെ പിൻബലത്തിൽ സൂപ്പർ താരങ്ങളെ എത്തിക്കാൻ വെമ്പി നിന്ന പിഎസ്ജി ഓർമയാകുന്നോ..??? വമ്പൻ പേരുകൾ മാത്രം പിച്ചിലും മാനേജർ സ്ഥാനത്തും ഉണ്ടായത് കൊണ്ടു മാത്രം യൂറോപ്പ് കീഴടക്കാൻ കഴിയിലെന്ന് ഒടുവിൽ പിഎസ്ജി തിരിച്ചറിയുന്നു എന്ന് വേണം നിലവിലെ സംഭവങ്ങൾ വിലയിരുത്തുമ്പോൾ മനസിലാക്കാൻ. ടീമിന്റെ സ്പോർട്ടിങ് ചുമതലകളിലേക്ക് പരിചയ സമ്പന്നനായ ലൂയിസ് കാമ്പോസ് എത്തിയ ശേഷം ടീമിന്റെ ട്രാൻസ്ഫർ വിപണിയിലെ നീക്കങ്ങൾ തന്നെ ഉദാഹരണം. വിടിഞ്ഞ, റെനേറ്റോ സാഞ്ചസ്, എന്നിവർക്ക് ശേഷം മധ്യനിരയിലേക്ക് അടുത്തതായി ടീമിന്റെ ഉന്നം നപോളിയുടെ സ്പാനിഷ് താരം ഫാബിയൻ റൂയിസാണ്. ടീമിന് ചേരുന്ന താരങ്ങളെ കൃത്യമായി എത്തിക്കാൻ കാമ്പോസ് ശ്രദ്ധിക്കുന്നുണ്ട്. ടീമുകൾ തമ്മിൽ ചർച്ചകൾ നടത്തുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം ഇരുപത്തഞ്ചു മില്യൺ യൂറോയോളമാണ് പിഎസ്ജി നപോളിക്ക് മുന്നിൽ വെച്ചിരിക്കുന്ന ഓഫർ. ചർച്ചകൾ മുന്നോട്ടു പോയിട്ടുള്ളതിനാൽ നപോളി ഈ ഓഫർ അംഗീകരിക്കും എന്നാണ് സൂചനകൾ. ഇതോടെ യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളെ തന്നെ എത്തിക്കാൻ പിഎസ്ജിക്കാവും. 2018ലാണ് സ്പാനിഷ് താരം നാപോളിയിലേക്ക് എത്തുന്നത്. ശേഷം മധ്യനിരയിൽ കളി മെനയുന്നതിൽ ചുക്കാൻ പിടിച്ചു. നേരത്തെ റയൽ, ബാഴ്‌സ അടക്കം വമ്പന്മാർ എല്ലാം മുൻ വർഷങ്ങളിൽ താരത്തിൽ കണ്ണ് വെച്ചിരുന്നു. നിലവിൽ താരത്തിന്റെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കും എന്നതും ഫാബിയൻ റൂയിസിനെ വിട്ട് കൊടുക്കാൻ നാപോളിയിൽ സമ്മർദ്ദംമേറ്റും.
ഇതോടെ പിഎസ്ജിയുടെ മധ്യനിരയിൽ നിന്നും ഒരു പിടി താരങ്ങൾ കൂടുമാറുന്നതിനും ഈ ട്രാൻസ്ഫർ വിൻഡോ സാക്ഷിയാവും. ലിയൻഡ്രോ പരെഡെസ് അടക്കം വമ്പൻ താരങ്ങൾ പുതിയ തട്ടകം തേടുകയാണ്.
Story Highlights: Paris Saint-Germain are closing on Fabián Ruiz as new signing! Talks are very advanced and the deal will be completed soon.