രണ്ടാം മെഡൽ നേടി ആവണി, ഒരു പാരാഒളിമ്പിക്‌സിൽ 2 മെഡൽ നേടുന്ന ആദ്യ വനിത

Wasim Akram

ടോക്കിയോ പാരാഒളിമ്പിക്‌സിൽ രണ്ടാം മെഡൽ നേടി ആവണി ലെഖാര. നേരത്തെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാന്റിങ് എസ്.എച് വൺ വിഭാഗത്തിൽ സ്വർണം നേടിയ ആവണി ഇത്തവണ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലം നേടി. ഇതോടെ ഒരു പാരാഒളിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ആവണി മാറി. നേരത്തെ ഇന്ത്യക്ക് ആയി ആദ്യമായി പാരാഒളിമ്പിക്‌സിൽ സ്വർണം നേടുന്ന വനിത താരമായും 19 കാരിയായ ആവണി മാറിയിരുന്നു.

യോഗ്യതയിൽ രണ്ടാമത് ആയ ആവണി തുടക്കത്തിൽ ലഭിച്ച മോശം തുടക്കത്തിന് ശേഷം ആണ് പിന്നീട് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. ഉക്രൈൻ താരം ഇരിയിനെയെ മറികടക്കാൻ അവസാന അവസരങ്ങളിൽ നിലനിർത്തിയ കൃത്യത ആണ് ആവണിക്ക് മുതൽക്കൂട്ടായത്. ഇന്ത്യ ടോക്കിയോയിൽ നേടുന്ന പന്ത്രണ്ടാമത്തെ മെഡൽ ആയിരുന്നു ഇത്. ചൈനീസ് താരം ചുപ്പിങ് ഷാങിന് ആണ് ഈ ഇനത്തിൽ സ്വർണം, വെള്ളി മെഡൽ നേടിയത് ജർമ്മനിയുടെ നടേഷ ഹിൽട്രോപ്പും.