പാലസ് ഇടിച്ചു നിരത്തി ചെൽസി വെബ്ലിയിലെ എഫ് എ കപ്പ് ഫൈനലിലേക്ക്

വെംബ്ലിയിൽ എഫ് എ കപ്പ് കിരീടത്തിനായി ലിവർപൂൾ ഇറങ്ങുമ്പോൾ അവരെ തടയാൻ ഒരു ഭാഗത്ത് ചെൽസിയും ഉണ്ടാകും. ഇന്ന് വെംബ്ലിയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ചെൽസി എഫ് എ കപ്പ് ഫൈനലിൽ എത്തുന്നത്.

ഇന്ന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ടുഷലിന്റെ ടീമിന്. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ ലഭിച്ച പാലസിനായിരുന്നു. ആ അവസരങ്ങളിൽ നിന്ന് ചെൽസി രക്ഷപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിതമായി നിന്നു. രണ്ടാം പകുതിയിൽ ചെൽസി പതിയെ താളം കണ്ടെത്തി. 65ആം മിനുട്ടിൽ അവർ ലീഡും എടുത്തു. ഹവേർട്സിന്റെ ഒരു പാസ് പാലസ് ഡിഫൻസ് കട്ട് ചെയ്തു എങ്കിലും ആ പന്ത് ബോക്സിൽ ഷൂട്ട് ചെയ്യാൻ കാത്തിരുന്ന ലോഫ്റ്റസ് ചീകിന് മുന്നിലാണ് എത്തിയത്. കണ്ടപാട് ഷൂട്ട് ചെയ്ത ലോഫ്റ്റസ് ചീക് ചെൽസിക്ക് ലീഡ് നൽകി.20220417 224512

ഈ ഗോളോടെ ചെൽസി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 76ആം മിനുട്ടിൽ മേസൺ മൗണ്ടിന്റെ ഫിനിഷ് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. വെർണറിന്റെ പാസ് സ്വീകരിച്ചായിരുന്നു മൗണ്ടിന്റെ ഗോൾ. ഇതിനു ശേഷം ചെൽസിക്ക് കാര്യങ്ങൾ അനായാസം ആയി. പാലസിനെതിരെ ചെൽസിയുടെ തുടർച്ചയായ പത്താം വിജയമായിരുന്നു ഇത്.