ചാമ്പ്യന്‍മാർക്ക് കണ്ണീർ, സർവീസസിനെ തകര്‍ത്ത് മണിപ്പൂര്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂര്‍ സര്‍വീസസിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും സര്‍വീസസിന് ലക്ഷ്യം കണ്ടെത്താനായില്ല. മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സര്‍വീസസ് പ്രതിരോധ താരം സുനില്‍ സെല്‍ഫ് ഗോളും നേടി.

ആദ്യ പകുതി

മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്കകം മണിപ്പൂര്‍ ലീഡ് എടുത്തു. 5ാം മിനുട്ടില്‍ മണിപ്പൂര്‍ താരം നഗറിയാന്‍ബം ജെനിഷ് സിംങിന്റെ വകയായിരുന്നു ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് സെകന്റ് പോസ്റ്റിന്റെ കോര്‍ണറിലേക്ക് അതിമനോഹരമായി അടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിലെ ജെനിഷ് സിങ്ങിന്റെ ആദ്യ പരിശ്രമമായിരുന്നു ഇത്. 7ാം മിനുട്ടില്‍ സര്‍വീസസിന് സമനിലക്ക് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് നീട്ടിനല്‍ക്കിയ പന്ത് സര്‍വീസസ് മധ്യനിരതാരം റൊണാള്‍ഡോ സിങ് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ ബാറിന് പുറത്തേക്ക് പോയി. 15 ാം മിനുട്ടില്‍ സര്‍വീസസ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 18 ാം മിനുട്ടില്‍ മണിപ്പൂര്‍ രണ്ടാം ഗോളിന് ശ്രമിച്ചു. മധ്യനിരയില്‍ നിന്ന് നീട്ടി നല്‍ക്കിയ പാസിന് എതിര്‍ടീമിന്റെ ബോക്‌സിലേക്ക് കുതിച്ചു കയറിയ ജെനിഷ് സിങ് ഗോളിന് ശ്രമിച്ചെങ്കിലും സര്‍വീസസ് ഗോള്‍ കീപ്പറുടെ കൃത്യമായ ഇടപടല്‍ രക്ഷപ്പെടുത്തി.

രണ്ടാം പകുതിImg 20220417 Wa0099

50 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍ക്കിയ പന്ത് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 74 ാം മിനുട്ടില്‍ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനില്‍ ബിയുടെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. തുടര്‍ന്നും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.