ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറ് മാസത്തിനു മേലെ വിശ്രമത്തിനു ശേഷം മത്സരത്തിനെത്തിയ കിവീസിനു 146 റണ്‍സ് വരെ നേടുവാനെ കഴിഞ്ഞുള്ളു. മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.
45 റണ്‍സ് നേടിയ ഹഫീസിനൊപ്പം സര്‍ഫ്രാസ് അഹമ്മദ്(34), ആസിഫ് അലി(24) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് മികവാണ് ടീമിനെ 148 റണ്‍സിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി ആഡം മില്‍നെ രണ്ടും അജാസ് പട്ടേല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മികച്ച ബൗളിംഗ് വഴി പാക്കിസ്ഥാനെ ചെറുത്ത് നിര്‍ത്തിയെങ്കിലും ന്യൂസിലാണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിച്ചില്ല. കോളിന്‍ മണ്‍റോയും(58), റോസ് ടെയിലറും(42*) പൊരുതി നോക്കിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റു താരങ്ങളില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് പൊരുതി വീഴുകയായിരുന്നു.
26 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ റോസ് ടെയിലര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ആറ് റണ്‍സ് നേടിയാല്‍ സൂപ്പര്‍ ഓവറിലേക്ക് കളി എത്തിക്കാമായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ നിന്ന് ബൗണ്ടറി മാത്രമേ റോസ് ടെയിലര്‍ക്ക് നേടാനായുള്ളു.
ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇമാദ് വസീം ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.