ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13 റണ്‍സിന്റെ തോല്‍വി പിണഞ്ഞിരുന്നു. അതിനു ശേഷം എലിമിനേറ്ററില്‍ മറാത്ത അറേബ്യന്‍സിനെതിരെ 10 വിക്കറ്റിന്റെ വിജയം നേടിയാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് തങ്ങളുടെ ഇന്നലത്തെ തോല്‍വിയ്ക്ക് പകരം വീട്ടുവാനുള്ള അവസരം സ്വന്തമാക്കിയത്. വിന്‍ഡീസ് കരുത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് മുന്നേറുന്നത്. നിക്കോളസ് പൂരന്റെ വെടിക്കെട്ടിനൊപ്പം തീപാറുന്ന ഫോമിലുള്ള ആന്‍ഡ്രേ റസ്സലുമാണ് ടീമിന്റെ ബാറ്റിംഗ് ശക്തി. ലെന്‍ഡല്‍ സിമ്മണ്‍സും ഒപ്പം പിന്തുണയുമായുണ്ട്. റോവ്മന്‍ പവല്‍, ഡാരെന്‍ സാമി എന്നിവരും ടീമിന്റെ വിന്‍ഡീസ് കരുത്തിന്റെ ഭാഗമാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ വെടിക്കെട്ട് പ്രകടനവുമായി പവലും താന്‍ ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്.

പഖ്ത്തൂണ്‍സ് അഫ്രീദിയുടെ മികവിലാണ് ഇന്നലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ആന്‍ഡ്രെ ഫ്ലെച്ചര്‍ ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്റെ ഇപ്പോളത്തെ പ്രതിസന്ധി. മികച്ച ബൗളിംഗ് കരുത്താണ് ടീമിന്റെ മറ്റൊരു ശക്തി. മുഹമ്മദ് ഇര്‍ഫാനും ആര്‍പി സിംഗും അടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് പിന്തുണയായി നായകന്‍ അഫ്രീദിയും പന്തെറിയാനെത്തുന്നു.

ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് ബംഗാള്‍ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനമാണ് ഇത്. അതില്‍ അറേബ്യന്‍സിനായിരുന്നു വിജയം. എന്നാല്‍ എലിമിനേറ്ററിലെ തോല്‍വി അവരെ വീണ്ടും ടൈഗേഴ്സിനെ നേരിടുവാന്‍ ഇടയാക്കുകയായിരുന്നു.