ഓസിലിന്റെ അത്ഭുത നടനം, ആഴ്സ്ണലിന് തുടച്ചയായ പത്താം ജയം

Newsroom

എമിറെറ്റ്സിൽ മെസുറ്റ് ഓസിലിന്റെ അത്ഭുത നടനം കണ്ട മത്സരത്തിൽ ആഴ്സണലിന് വിജയം. ഇന്ന് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ നേരിട്ട ആഴ്സ്ണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ആഴ്സണൽ ജയത്തിലേക്ക് തിരിച്ചു കയറിയത്. സബ്ബായി ഇറങ്ങി രണ്ട് ഗോളുകൾ ഒബാമയങ്ങ് ഇന്ന് ആഴ്സണലിനായി നേടി എങ്കിലും കളിയിലെ യഥാർത്ഥ താരം ഓസിൽ ആയിരുന്നു.

കളിയിൽ ലെസ്റ്റർ സിറ്റി ആയിരുന്നു മികച്ച രീതിയിൽ തുടങ്ങിയത്. അതിന്റെ ഗുണം 31ആം മിനുട്ടിൽ ഒരു ഓൺ ഗോളിലൂടെ ലെസ്റ്ററിന് ലഭിക്കുകയും ചെയ്തു. ബെല്ലറിന് ആയിരുന്നു സ്വന്തം വലയിലേക്ക് പന്ത് എത്തിച്ചത്. ഒരു ഗോളിന് പിറകിൽ ആയപ്പോൾ ആണ് ആഴ്സ്ണൽ ഉണർന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഓസിൽ ആഴ്സണലിനെ മുന്നിൽ എത്തിച്ചു. ഒരു അതിസുന്ദര ടച്ചിലൂടെ ആയിരുന്നു ഓസിലിന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ സമനില തുടർന്നപ്പോൾ ആഴ്സ്ണൽ ഒബാമയങ്ങിനെ രംഗത്ത് ഇറക്കി. കളിക്കാൻ ഇറങ്ങി രണ്ട് മിനുട്ടിനകം ഒബാമയങ് ആഴ്സണലിനെ മുന്നിൽ എത്തിച്ചു. ബെല്ലറിന്റെ പാസിൽ നിന്നായിരുന്നു ഒബാമയങ്ങിനെ ഗോൾ. പക്ഷെ ആ ഗോളിലും തിളങ്ങിയത് ഓസിൽ ആയിരുന്നു. ബെല്ലറിന് ഓസിൽ നൽകിയ പാസ് എതിരാളികൾ പോലും കയ്യടിച്ചു പോകുന്ന തരത്തിൽ ഒന്നായിരുന്നു.

മൂന്ന് മിനുട്ട് കഴിഞ്ഞ് വീണ്ടും ഒരു ഓസിൽ അത്ഭുതം കണ്ടു. ഇത്തവണ ഒബാമയങ്ങിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് ഒരുക്കിയായിരുന്നു ഓസിൽ മിന്നിയത്. ഇന്നത്തെ ജയത്തോടെ ആഴ്സണൽ തുടർച്ചയായ പത്താം ജയം പൂർത്തിയാക്കി.