ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ ഷൂട്ടിങ്ങിൽ ഇന്ത്യൻ നിരാശ തുടരുന്നു. ഇത്തവണ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾ ആയ മനു ബക്കർക്കോ യശ്വിനി സിങ് ദസ്വാലിനോ ആയില്ല. യോഗ്യതയിൽ മനു പന്ത്രണ്ടാം സ്ഥാനത്തും യശ്വിനി പതിമൂന്നാം സ്ഥാനത്തും ആയാണ് തങ്ങളുടെ ഷൂട്ടിങ് അവസാനിപ്പിച്ചത്.
മികച്ച തുടക്കം ആണ് ഇരു ഇന്ത്യൻ ഷൂട്ടർമാർക്കും ലഭിച്ചത്. ആദ്യ റൗണ്ടുകളിൽ ഫൈനൽ അവസാന എട്ടിൽ ആവാൻ ഇന്ത്യൻ താരങ്ങൾക്ക് ആവും എന്നു പോലും തോന്നി. എന്നാൽ തോക്കിന്റെ ഇലക്ട്രോണിക് ട്രിഗറിന് യോഗ്യതക്ക് ഇടയിൽ മൂന്നാം സീരീസിൽ പ്രശ്നം പറ്റിയതിനാൽ അത് മാറ്റാൻ മനുവിന് സമയം എടുക്കേണ്ടി വന്നത് താരത്തിന്റെ പ്രകടനത്തിൽ വലിയ വെല്ലുവിളി ആയി. നിരാശ ആണ് ഫലം എങ്കിലും പ്രകടനം ഇന്ത്യൻ താരങ്ങൾക്ക് വരും വർഷങ്ങളിൽ ആത്മവിശ്വാസം പകരും.













