ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മഹത്തായ റേസുകളിൽ ഒന്നിൽ 400 മീറ്റർ ഹർഡിൽസിൽ സ്വന്തം ലോക റെക്കോർഡ് തകർത്തു സ്വർണം നേടി നോർവീജിയൻ താരം കാർസ്റ്റൻ വാർഹോം. രണ്ടു തവണ ലോക ജേതാവ് ആയ വാർഹോം വെറും 45.94 സെക്കന്റിൽ ആണ് 400 മീറ്റർ പൂർത്തിയാക്കിയത്. ഇതോടെ 400 മീറ്റർ ഹർഡിൽസ് 46 സെക്കന്റിൽ കുറവ് സമയം കൊണ്ട് ഓടി തീർത്ത ആദ്യ താരമായും വാർഹോം മാറി. അവിശ്വസനീയം എന്നു വിളിക്കാവുന്ന റേസിൽ തുടക്കം മുതൽ വാർഹോം ആധിപത്യം പുലർത്തി.
തന്റെ എല്ലാം നൽകിയ അമേരിക്കൻ താരം റായ് ബെഞ്ചമിന്റെ അവസാന നിമിഷത്തെ പോരാട്ടത്തെ വാർഹോം വീര്യത്തോടെ മറികടന്നു. വെള്ളി നേടിയ ബെഞ്ചമിനും നിലവിലെ ലോക റെക്കോർഡ് തകർത്തു എന്നറിയുമ്പോൾ ആണ് റേസിന്റെ മഹത്വം അറിയുക. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയവും ചരിത്രത്തിലെ ഏറ്റവും മികച്ച സമയവും ആയ 46.17 സെക്കന്റിൽ ആണ് ബെഞ്ചമിൻ രണ്ടാം സ്ഥാനത്ത് ഓടിയെത്തിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത ബ്രസീലിന്റെ ആലിസൻ ദോസ് സാന്റോസിന് ആണ് വെങ്കലം. 46.72 സെക്കന്റിൽ ആണ് സാന്റോസ് റേസ് പൂർത്തിയാക്കിയത്.