ലോക കായിക ചരിത്രത്തിലെ ഏറ്റവും മികച്ച അത്ലറ്റ് എന്ന പദവിയിലേക്കുള്ള എലിയുഡ് കിപ്ചോഗെയുടെ യാത്രക്ക് വീണ്ടും ഒരു ഒളിമ്പിക് സ്വർണത്തിന്റെ തിളക്കം. ലോക റെക്കോർഡും, ലോക ചാമ്പ്യനും ഒക്കെയായ കിപ്ചോഗെ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിൽ ആണ് മാരത്തോണിൽ സ്വർണം നേടുന്നത്. 2 മിനിറ്റിൽ താഴെ മാരത്തോൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ഏക വ്യക്തിയായ കെനിയൻ താരം 2 മണിക്കൂർ 8 മിനിറ്റ് 38 സെക്കന്റിൽ ആണ് മാരത്തോൺ പൂർത്തിയാക്കിയത്.
2004 ഒളിമ്പിക്സിൽ 5000 മീറ്ററിൽ വെങ്കലവും 2008 ൽ വെള്ളിയും നേടിയ കിപ്ചോഗെക്ക് ഇത് നാലാം ഒളിമ്പിക് മെഡൽ ആണ്. സൊമാലിയൻ വംശജനായ ഡച്ച് താരം അബ്ദി നഗീ ആണ് വെള്ളി മെഡൽ നേടിയത്. മറ്റൊരു സൊമാലിയൻ വംശജനായ ബെൽജിയം താരം ബാഷിർ അബ്ദി വെങ്കലവും നേടി. 36 കാരനായ കിപ്ചോഗെ കഴിഞ്ഞ 8 വർഷത്തിൽ പങ്കെടുത്ത രണ്ടേ രണ്ടു മാരത്തോണിൽ മാത്രമാണ് തോറ്റത് എന്നറിയുമ്പോൾ ആണ് കെനിയൻ താരത്തിന്റെ മഹത്വം അറിയുക. 1984 നു ശേഷം മാരത്തോണിൽ ജയിക്കുക ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് കെനിയൻ ഇതിഹാസം.