പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിന് പിറകെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിലും ലോക റെക്കോർഡ് പിറന്നു. വെറും 51.46 സെക്കന്റിൽ ഓടിയെത്തിയാണ് 21 കാരിയായ സിഡ്‌നി മക്ലോഗ്ലിൻ അമേരിക്കക്ക് സ്വർണം സമ്മാനിച്ചത്. ഇതോടെ പുതിയ ലോക റെക്കോർഡും ഇനത്തിൽ അമേരിക്കൻ താരം സ്വന്തം പേരിൽ കുറിച്ചു. ഹീറ്റിലും സെമിയിലും വലിയ ആധിപത്യം നേടിയ സിഡ്‌നി ഫൈനലിലും ആ ഫോമിൽ തന്നെയായിരുന്നു. അമേരിക്കൻ ഒളിമ്പിക് യോഗ്യതയിൽ താൻ തന്നെ സ്ഥാപിച്ച റെക്കോർഡ് ആണ് സിഡ്‌നി പഴയ കഥയാക്കിയത്.
തന്റെ മുൻ ലോക റെക്കോർഡിനു കുറഞ്ഞ സമയത്ത് ഓടിയെത്തിയ അമേരിക്കയുടെ തന്നെ റിയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് ആയ ദാലിയ മുഹമ്മദ് ആണ് വെള്ളി മെഡൽ നേടിയത്. 2019 ലെ ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ താരം 51.58 സെക്കന്റിൽ ആണ് റേസ് പൂർത്തിയാക്കിയത്. 400 മീറ്റർ ഏറ്റവും വേഗത്തിൽ ഓടുന്ന നാലാമത്തെ താരമായ ഡച്ച് താരം ഫെമ്കെ ബോൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. 52.03 സെക്കന്റിൽ ആയിരുന്നു 21 കാരിയായ ഡച്ച് താരം ഓടിയെത്തിയത്. ഇത് പുതിയ യൂറോപ്യൻ റെക്കോർഡ് കൂടിയാണ്.