കായിക രംഗത്ത് വിട്ട് കൊടുക്കാത്ത പോരാട്ട വീര്യത്തിന്റെ ഏറ്റവും വലിയ പ്രതീകമായി ഡച്ച് താരം സഫാൻ ഹസാൻ. ഇന്ന് രാവിലെ നടന്ന 1500 മീറ്റർ ഓട്ടത്തിൽ ഹീറ്റിൽ ഇറങ്ങിയ ലോക ജേതാവ് ആയ സഫാൻ ആദ്യ ഹീറ്റിൽ അനായാസം മുന്നിലെത്തി സെമി ഫൈനലിൽ യോഗ്യത നേടും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. തന്റെ ഊർജ്ജം അവസാന ലാപ്പിലേക്ക് മാറ്റി വച്ച സഫാൻ അവസാന ലാപ്പിലെ മണിയടി കേൾക്കുമ്പോൾ മുന്നോട്ട് കയറാൻ ആണ് പദ്ധതിയിട്ടത്. എന്നാൽ അവസാന ലാപ്പിന്റെ തുടക്കത്തിൽ കെനിയൻ താരം എദിനയുടെ ദേഹത്ത് തട്ടി സഫാൻ വീണപ്പോൾ എല്ലാവരും ഞെട്ടി. എന്നാൽ പെട്ടെന്ന് എണീറ്റ സഫാൻ അവസാന സ്ഥാനത്ത് നിന്ന് പിന്നീട് നടത്തിയ കുതിപ്പ് കായികപ്രേമികൾ ഒരുകാലവും മറക്കാൻ ഇടയില്ല.
അവസാന സ്ഥാനങ്ങളിൽ നിന്നു ഓരോരുത്തരെയായി പിന്തള്ളി അവസാനം 4 മിനിറ്റ് 5.17 സെക്കന്റ് സമയം കുറിച്ചു സഫാൻ ഹസാൻ ഒന്നാമത് ആയി തന്നെ ആദ്യ ഹീറ്റിൽ സെമിഫൈനലിലേക്ക് യോഗ്യത നേടി. എന്നിട്ടും തീർന്നില്ല താരത്തിന്റെ അവിശ്വസനീയ പോരാട്ട വീര്യം തുടർന്ന് മണിക്കൂറുകൾക്ക് അകം വൈകുന്നേരം 5000 മീറ്ററിൽ 2 തവണ ലോക ജേതാവ് ആയ കെനിയയുടെ ഹെലൻ ഒബിരിയെ പിന്തള്ളി സ്വർണവും ഡച്ചു താരം സ്വന്തം പേരിൽ കുറിച്ചു. ഇനി 1500, 10,000 മീറ്ററുകളിൽ കൂടി സ്വർണം നേടി ഒളിമ്പിക്സിൽ ഏറ്റവും അപൂർവമായ ഈ മൂന്നു ഇനങ്ങളിലെയും സ്വർണം നേടുന്ന താരം ആവാൻ ആവും താരത്തിന്റെ ശ്രമം. ഒന്നും ഒരിക്കലും അസാധ്യമല്ല കാരണം അത് ഇതിനകം തന്നെ സഫാൻ ഹസാൻ തെളിയിച്ചത് ആണ്.