തീർത്തും അവിശ്വസനീയം എന്നു വിളിക്കാവുന്ന അവിസ്മരണീയമായ കാഴ്ചകൾക്ക് ആണ് വനിത ട്രിപ്പിൾ ജംപ് ഫൈനലിൽ ടോക്കിയോ സാക്ഷിയായത്. ഒളിമ്പിക് ചരിത്രത്തിലെ, കായിക ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങൾ പിറന്നപ്പോൾ യൂലിമർ റൊഹാസ് എന്ന വെനസ്വേലൻ താരം ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മുൻ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആയ രണ്ടു തവണ ലോക ജേതാവ് ആയ തന്റെ എന്നത്തേയും വലിയ സ്വപ്നം യാഥാർത്ഥ്യം ആക്കാൻ ആണ് ടോക്കിയോയിൽ എത്തിയത്. ആറു ശ്രമങ്ങൾ ഉള്ള ഫൈനലിൽ തന്റെ ആദ്യ ശ്രമം തന്നെ റൊഹാസ് 15.41 മീറ്റർ ചാടിയപ്പോൾ പിറന്നത് പുതിയ ഒളിമ്പിക് റെക്കോർഡ്. ആദ്യ ശ്രമത്തിൽ തന്നെ സ്വർണം ഉറപ്പിച്ച റൊഹാസിന്റെ ഈ ദൂരം പോലും ആർക്കും മറികടക്കാൻ ആയില്ല.
തുടർന്ന് തന്നോട് തന്നെ മത്സരിക്കുന്ന വെനസ്വേലൻ താരത്തെയാണ് കണ്ടത്. രണ്ടാം ശ്രമത്തിൽ 15 മീറ്റർ ചാടാൻ പരാജയപ്പെട്ട താരം മൂന്നാം ശ്രമം ഫൗൾ ആക്കി. നാലാം ശ്രമത്തിൽ 15.25 മീറ്റർ ചാടിയ ശേഷം അഞ്ചാം ശ്രമവും ഫൗൾ ആയതോടെ തന്റെ എല്ലാ പരിശ്രമവും ലോക റെക്കോർഡ് പ്രകടനം നടത്താൻ ആറാം ശ്രമത്തിലേക്ക് റൊഹാസ് മാറ്റിവച്ചു. അതിഗംഭീരമായ ശ്രമത്തിൽ 15.67 മീറ്റർ എന്ന പുതിയ ദൂരം താരം കുറിച്ചപ്പോൾ തകർന്നത് 26 കൊല്ലം പഴക്കമുള്ള ലോക റെക്കോർഡ്. 1995 ൽ ഉക്രൈൻ താരം ഇനസ്സ ക്രാവറ്റ്സ് കുറിച്ച 15.50 മീറ്റർ എന്ന ദൂരം ഇതോടെ ലാറ്റിനമേരിക്കൻ താരം പഴയ കഥയാക്കി. ലോക റെക്കോർഡും സ്വർണ നേട്ടവും വിശ്വസിക്കാൻ ആവാതെ ഭ്രാന്തമായി ആഘോഷിക്കുന്ന റൊഹാസ് അവിസ്മരണീയമായ കാഴ്ച്ച ആയിരുന്നു. 15.01 മീറ്റർ ചാടിയ പോർച്ചുഗീസ് താരം പാട്രിഷ്യ വെള്ളി നേടിയപ്പോൾ സ്പാനിഷ് താരം അന 14.87 മീറ്റർ ചാടി വെങ്കല മെഡൽ സ്വന്തമാക്കി. ദേശീയ റെക്കോർഡ് പ്രകടനം ആണ് പോർച്ചുഗീസ്, സ്പാനിഷ് താരങ്ങൾ പുറത്തു എടുത്തത്.