പോൾ വോൾട്ടിൽ അനായാസം എതിരാളികളെ പിന്തള്ളി സ്വർണം നേടി 21 കാരനായ സ്വീഡിഷ് താരം അർമാണ്ട് ഡുപ്ലാന്റിസ്. 6.18 മീറ്റർ ചാടി ഇൻഡോർ ലോക റെക്കോർഡിനു ഉടമയായ സ്വീഡിഷ് താരം അനായാസം സ്വർണം നേടുന്നത് ആണ് ടോക്കിയോയിൽ കണ്ടത്. മറ്റുള്ളവർ ഉയരം മറികടക്കാൻ ഒന്നും രണ്ടും അവസരങ്ങൾ എടുത്തപ്പോൾ 5.55 മീറ്റർ, 5.80 മീറ്റർ, 5.92 മീറ്റർ, 5.97 മീറ്റർ ഒടുവിൽ എതിരാളികൾ ആരും ഭേദിക്കാത്ത 6.02 മീറ്റർ എല്ലാം ഒന്നാം ശ്രമത്തിൽ ആണ് സ്വീഡിഷ് താരം മറികടന്നത്. തുടർന്ന് ലോക റെക്കോർഡ് ആയ 6.19 മീറ്റർ ഭേദിക്കാൻ മൂന്നു ശ്രമങ്ങൾ താരം നടത്തിയെങ്കിലും പരാജയപ്പെടുക ആയിരുന്നു.
5.97 മീറ്റർ ഉയരം താണ്ടിയ അമേരിക്കൻ താരം ക്രിസ് നീൽസൻ ആണ് വെള്ളി മെഡൽ നേടിയത്. തന്റെ രണ്ടാം ശ്രമത്തിൽ 5.92 മീറ്ററും ആദ്യ ശ്രമത്തിൽ 5.97 മീറ്ററും താണ്ടിയ അമേരിക്കൻ താരത്തിന് പക്ഷെ 6.02 മീറ്റർ മൂന്നു ശ്രമത്തിലും മറികടക്കാൻ ആയില്ല. 5.87 മീറ്റർ ഉയരം താണ്ടിയ 2016 ലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ ബ്രസീലിന്റെ തിയാഗോ ബ്രാസിന് ആണ് വെങ്കലം. 6.03 മീറ്റർ താണ്ടി ഒളിമ്പിക് റെക്കോർഡ് സ്വന്തം കയ്യിലുള്ള ബ്രസീലിയൻ താരത്തിന് പക്ഷെ ഇത്തവണ വെങ്കലത്തിൽ ഒതുങ്ങേണ്ടി വന്നു. 2012 ഒളിമ്പിക്സിൽ സ്വർണവും 2016 ഒളിമ്പിക്‌സിൽ വെള്ളിയും നേടിയ ഫ്രഞ്ച് താരം റെനാർഡ് ലെവില്ലെനി 5.70 മീറ്റർ ഉയരം താണ്ടി എട്ടാം സ്ഥാനത്ത് ആണ് ഫൈനൽ അവസാനിപ്പിച്ചത്.