വനിതാ ഹാമർ ത്രോയിൽ തുടർച്ചയായി മൂന്നാം ഒളിമ്പിക്‌സിലും സ്വർണം നിലനിർത്തി പോളണ്ട് താരം അനിറ്റ വ്ലോഡർസ്ക്. 2012 ലണ്ടനിലും 2016 റിയോയിലും നേടിയ സ്വർണം ടോക്കിയോയിലും നിലനിർത്തിയ പോളണ്ട് താരം ഹാമർ ത്രോയിലെ തന്റെ ആധിപത്യം നിലനിർത്തി. ഇതോടെ ചരിത്രത്തിൽ ആദ്യമായി ആദ്യമായി മൂന്നു തവണ ഒരു വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന വനിത താരമായും അനിറ്റ മാറി. ചരിത്രത്തിൽ ആദ്യമായി 80 മീറ്റർ എറിഞ്ഞ 82.98 മീറ്റർ ദൂരത്തിൽ എറിഞ്ഞു ലോക റെക്കോർഡ് സ്വന്തമായുള്ള അനിറ്റ ഇത്തവണയും തന്റെ കിരീടം ആർക്കും വിട്ട് കൊടുത്തില്ല.
ലഭിച്ച ആറിൽ രണ്ടു അവസരം ഫൗൾ ആയെങ്കിലും നാലാം അവസരത്തിൽ എറിഞ്ഞ 78.48 മീറ്റർ ദൂരം ആണ് അനിറ്റക്ക് സ്വർണം സമ്മാനിച്ചത്. അനിറ്റയുടെ മൂന്നാമത്തെ മികച്ച ദൂരം ആയ 77.02 മീറ്ററിന് മുകളിൽ 77.03 മീറ്റർ എറിഞ്ഞ ചൈനീസ് താരം വാങ് ഷെങ് ആണ് വെള്ളി മെഡൽ നേടിയത്. ഏഷ്യൻ റെക്കോർഡ് ഉടമയായ ചൈനീസ് താരം തന്റെ അവസാന ശ്രമത്തിൽ ഈ ദൂരം എറിഞ്ഞാണ് വെള്ളി മെഡൽ സ്വന്തമാക്കുന്നത്. പോളണ്ടിന്റെ തന്നെ മാൽവിന കോപ്രോനു ആണ് ഈ ഇനത്തിൽ വെങ്കലം. അഞ്ചാം ശ്രമത്തിൽ എറിഞ്ഞ 75.49 മീറ്റർ ആണ് പോളണ്ട് താരത്തിന് വെങ്കലം നൽകിയത്.