ഇന്ത്യൻ അത്ലറ്റിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം സമ്മാനിച്ച ശേഷം മെഡൽ ഇതിഹാസ ഇന്ത്യൻ താരം മിൽഖ സിംഗിന് സമർപ്പിച്ചു നീരജ് ചോപ്ര. ജീവിച്ചിരിപ്പ് ഉണ്ടായിരുന്നു എങ്കിൽ താൻ മെഡലും ആയി മിൽഖ സിംഗിനെ കാണുമായിരുന്നു എന്നു പറഞ്ഞ നീരജ് അദ്ദേഹം തന്റെ നേട്ടത്തിൽ സന്തോഷിക്കുമായിരുന്നു എന്നും കൂട്ടിച്ചേർത്തു. ഒപ്പം പി.ടി ഉഷ അടക്കമുള്ള ഒളിമ്പിക് മെഡൽ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ഇന്ത്യൻ അത്ലറ്റുകൾക്കും മെഡൽ നീരജ് സമർപ്പിച്ചു. തനിക്ക് വലിയ സമ്മർദ്ദം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയ നീരജ് തന്റെ ലക്ഷ്യം ഒളിമ്പിക് റെക്കോർഡ് ഭേദിക്കുക ആയിരുന്നു എന്നും കൂട്ടിച്ചേർത്തു.
മത്സരത്തിനു ഇടയിൽ താൻ സ്വർണ മെഡലിനെ കുറിച്ചു ചിന്തിച്ചില്ല എന്തെങ്കിലും മികച്ചത് ചെയ്യാൻ ആണ് ഇറങ്ങിയത് എന്നും താരം പറഞ്ഞു. ആദ്യ ശ്രമത്തിൽ 87 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ എറിഞ്ഞാണ് ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇന്ത്യക്ക് അത്ലറ്റിക്സിൽ ലഭിക്കുന്ന ആദ്യ മെഡലും ആണ് നീരജിന്റെത്. തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ച ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനു നേട്ടത്തിൽ വലിയ പങ്ക് ഉണ്ടെന്നു വ്യക്തമാക്കിയ നീരജ്, ഈ മത്സരങ്ങളിലെ പരിചയം ഒളിമ്പിക്‌സിലെ വലിയ വേദിയിലെ സമ്മർദ്ദം കുറച്ചു എന്നും വ്യക്തമാക്കി. പോഡിയത്തിൽ നിന്നു ദേശീയ ഗാനം കേട്ടപ്പോൾ വികാരം അടക്കാൻ ശ്രമപ്പെട്ടു എന്നും നീരജ് കൂട്ടിച്ചേർത്തു.