1968 ഒളിമ്പിക്‌സിന് ശേഷം അമേരിക്കക്ക് 800 മീറ്റർ ഓട്ടത്തിൽ സ്വർണം സമ്മാനിച്ചു 19 കാരിയായ അതിങ് മു. ഈ വർഷം ഇൻഡോറിൽ അണ്ടർ-20 വിഭാഗത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ച സുഡാൻ വംശജയായ മു ഒരു മിനിറ്റ് 55.21 സെക്കന്റിൽ ആണ് 800 മീറ്റർ പൂർത്തിയാക്കിയത്. റേസിൽ ഉടനീളം തന്റെ ആധിപത്യം നിലനിർത്തിയാണ് താരം സ്വർണം ഓടിയെടുത്തത്. അമേരിക്കൻ ദേശീയ റെക്കോർഡ് നേട്ടവും ഇതോടെ താരം കയ്യിലാക്കി. തീർത്തും ആധികാരികമായി ആണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ താരം സ്വർണം ഓടിയെടുത്തത്.
അതേസമയം വെള്ളി മെഡലും 19 കാരിക്ക് ആണ്. ബ്രിട്ടീഷ് താരം കീലി ഹോഡ്കിൻസൻ ആണ് വെള്ളി മെഡൽ ഒരു മിനിറ്റ് 55.88 സെക്കന്റിൽ ഓടിയെത്തി സ്വന്തമാക്കിയത്. അവസാന നിമിഷം നടത്തിയ കുതിപ്പിൽ വെങ്കലം നേടിയത് അമേരിക്കൻ താരം റീവൻ റോജേഴ്‌സ് ആയിരുന്നു. ഒരു മിനിറ്റ് 56.81 സെക്കന്റ് എന്ന സമയം ആണ് 24 കാരിയായ റോജേഴ്‌സ് കുറിച്ചത്. ദക്ഷിണ സുഡാനിൽ നിന്നു യുദ്ധവും പട്ടിണിയും കാരണം അമേരിക്കയിൽ അഭയം കണ്ടത്തിയ മുവിന്റെ നേട്ടം തികച്ചും അവിസ്മരണീയം തന്നെയാണ്.