കഴിഞ്ഞ മൂന്നു ഒളിമ്പിക്‌സുകളിൽ ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം ഭരിച്ച 100 മീറ്റർ സ്പ്രിന്റ് കിരീടത്തിനു പുതിയ അവകാശി. ഇറ്റാലിയൻ താരമായ ലാമോന്റ് മാർസൽ ജേക്കബ്സ് ആണ് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 9.80 സെക്കന്റുകൾ കുറിച്ചു സ്വർണം സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്പിക്‌സിൽ പുതിയ യൂറോപ്യൻ റെക്കോർഡ് കുറിച്ച ജേക്കബ്സ് ഇന്ന് അതേ റെക്കോർഡ് തിരുത്തി.100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ജേക്കബ്സ്. 9.84 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കൻ താരം ഫ്രഡ് കെർലിയാണ് 100 മീറ്ററിൽ വെള്ളി നേടിയത്.
മുമ്പ് പലപ്പോഴും ബോൾട്ടിനു പിറകിൽ രണ്ടാമത് ആയ മുൻ ഒളിമ്പിക് 100 മീറ്റർ മെഡൽ ജേതാവ് ആയ കനേഡിയൻ താരം ആന്ദ്ര ഡി ഗ്രാസ് വെങ്കലം നേടി. നാടകീയമായ തുടക്കം ആണ് 100 മീറ്ററിന് ഉണ്ടായത്. തുടക്കത്തിൽ ഫൗൾ തുടക്കം വരുത്തിയ ബ്രിട്ടീഷ് സ്പ്രിന്റർ സായഗൽ ഹ്യൂഗ്സിനെ അയോഗ്യമാക്കിയ ശേഷം നടന്ന രണ്ടാം റേസിൽ മൂന്നാം ലൈനിൽ തുടങ്ങിയ ജേക്കബ്സിന് മികച്ച തുടക്കം ആണ് ലഭിച്ചത്. അത് സ്പ്രിന്റിൽ ഉടനീളം ഇറ്റാലിയൻ താരം നിലനിർത്തി. ഇത് വർഷങ്ങൾക്ക് ശേഷമാണ് 100 മീറ്ററിൽ ഒരു യൂറോപ്യൻ ജേതാവ് ഉണ്ടാവുന്നത്. 26 കാരനായ ജേക്കബ്സിന്റെ ഏറ്റവും വലിയ നേട്ടമാണ് ബോൾട്ട് ഒഴിച്ചിട്ട 100 മീറ്ററിലെ ഒളിമ്പിക് സ്വർണ ജേതാവ് എന്ന പദവി.