ഒളിമ്പിക്‌സ് ചരിത്രത്തിൽ മെഡൽ നേടിയ ഏറ്റവും ചെറിയ രാജ്യമായി ദിവസങ്ങൾക്ക് മുമ്പ് മാറിയ സാൻ മറിനോ വീണ്ടും അത്ഭുതങ്ങൾ കാണിക്കുക ആണ്. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പിൽ വെങ്കല മെഡൽ സമ്മാനിച്ച 33 കാരിയായ അലസാന്ദ്രയാണ് ആദ്യമായി അവർക്ക് ഒരു മെഡൽ നേടി നൽകിയത്. തുടർന്നു തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ് മിക്സഡ് ട്രാപ്പ് ഇനത്തിൽ വെള്ളി മെഡൽ നേടിയ അലസാന്ദ്ര/മാർകോ ബെർറ്റി സഖ്യം അവർക്ക് രണ്ടാം മെഡൽ സമ്മാനിച്ചു. ഒടുവിൽ ഇന്ന് ഇന്ത്യൻ താരം ദീപക് പൂനിയയെ വീഴ്ത്തി ഗുസ്തിയിൽ വെങ്കലം നേടിയ മൈല്‍സ് അമിനനി അവർക്ക് മൂന്നാം മെഡലും സമ്മാനിച്ചു.
ഇറ്റലിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന വെറും 24 സ്ക്വയർ കിലോമീറ്റർ മാത്രം ഭൂ വിസ്തൃതിയുള്ള 34,000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇറ്റലിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന സാൻ മറിനോ എന്ന യൂറോപ്യൻ രാജ്യം ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ആയ ലക്ഷദ്വീപിനെക്കാൾ വലിപ്പത്തിലും ജനസംഖ്യയിലും ചെറുത് ആണ്. 4 ഇനങ്ങളിൽ ആയി 5 താരങ്ങളെ മാത്രം ആണ് അവർക്ക് പങ്കെടുപ്പിക്കാൻ ആയത്. ജൂഡോ, നീന്തൽ, ഗുസ്തി എന്നിവയിൽ ഓരോ താരങ്ങളും ഷൂട്ടിങിൽ രണ്ടു പേരും. ഷൂട്ടിങിൽ രണ്ടു പേരും മെഡൽ നേടിയപ്പോൾ ഗുസ്തിയിൽ ഏക താരവും മെഡൽ സ്വന്തമാക്കി. 1960 തിൽ ആദ്യ ഒളിമ്പിക്‌സിൽ പങ്കെടുത്ത സാൻ മറിനോ 1964 ൽ ഒഴിച്ച് മറ്റുള്ള എല്ലാ വർഷവും ഒളിമ്പിക്‌സിൽ സ്ഥിര സാന്നിധ്യം ആണെങ്കിലും ഈ വർഷം ആണ് ഒളിമ്പിക് മെഡൽ നേട്ടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ അവർക്ക് പറ്റിയത്.