ടോക്കിയോ ഒളിമ്പിക്സ് സ്വന്തം പേരിൽ അടയാളപ്പെടുത്തി ഓസ്ട്രേലിയൻ താരം എമ്മ മക്കിയോൺ. ഒളിമ്പിക് ചരിത്രത്തിൽ ഒരു വനിത നീന്തൽ താരം ഒരു ഒളിമ്പിക്സിൽ നേടുന്ന ഏറ്റവും കൂടുതൽ മെഡലുകൾ കയ്യിലാക്കി റെക്കോർഡ് നേട്ടം കൈവരിച്ച എമ്മ ഒരു വനിത കായിക താരം ഒരു ഒളിമ്പിക്സിൽ നേടുന്ന കൂടുതൽ മെഡലുകൾ എന്ന റെക്കോർഡിനു ഒപ്പവും എത്തി. 1952 ൽ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരം മരിയയുടെ റെക്കോർഡിനു ഒപ്പമാണ് എമ്മ എത്തിയത്. ഒരു ഒളിമ്പിക്സിൽ 8 മെഡലുകൾ ആണ് സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് പോലും നേടാൻ ആയത് എന്നിടത്ത് ആണ് എമ്മയുടെ മഹത്വം കിടക്കുന്നത്. 7 മെഡലുകളിൽ 4 സ്വർണവും 3 വെങ്കൽവുമാണ് എമ്മ ടോക്കിയോയിൽ നീന്തിയെടുത്തത്. 2016 റിയോ ഒളിമ്പിക്സിൽ ഒരു സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും അടക്കം 3 മെഡലുകൾ നേടിയ എമ്മയുടെ മൊത്തം ഒളിമ്പിക് മെഡലുകളുടെ എണ്ണം ഇതോടെ 11 ആയി.
ഇതോടെ ഓസ്ട്രേലിയക്ക് ആയി ഒളിമ്പിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന പുരുഷ/വനിത താരമായും എമ്മ മാറി. ലോക ചാമ്പ്യൻഷിപ്പിൽ 11 മെഡലുകൾ നേടിയ താരം കൂടിയാണ് എമ്മ. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റെക്കോർഡ് ആയ 21.83 സെക്കന്റിൽ സ്വർണം നേടിയ എമ്മ 100 മീറ്റർ ഫ്രീസ്റ്റൈലിൽ 51.96 സെക്കന്റുകൾ എന്ന സമയം കുറിച്ചു മറ്റൊരു ഒളിമ്പിക് റെക്കോർഡ് നേട്ടവുമായാണ് രണ്ടാം വ്യക്തഗത സ്വർണം ടോക്കിയോയിൽ നീന്തിയെടുത്തത്. വനിതകളുടെ 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിൽ ലോക റെക്കോർഡ് സമയം കുറിച്ചു സ്വർണം ലഭിക്കാൻ ഓസ്ട്രേലിയൻ ടീമിനെ സഹായിച്ചതും എമ്മ തന്നെയാണ്. വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ഒളിമ്പിക് റെക്കോർഡ് സമയം കുറിച്ചു ഓസ്ട്രേലിയ സ്വർണം നേടാൻ പ്രധാന പങ്ക് വഹിച്ചതും എമ്മ തന്നെയാണ്. ഇതിനോടൊപ്പം 4×100 മീറ്റർ മിക്സഡ് മെഡലെ റിലെയിൽ എമ്മ അവസാന ലാപ്പിൽ നടത്തിയ പ്രകടനം ആണ് അവർക്ക് വെങ്കലം സമ്മതിച്ചത്.
ഇതിനോടൊപ്പം 100 മീറ്റർ ബട്ടർഫ്ലെ വ്യക്തഗത ഇനത്തിലും 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിലും എമ്മ വെങ്കലം നേടി. ടോക്കിയോയിൽ നീന്തൽ താരങ്ങൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ മെഡലുകളും എമ്മക്ക് ആണ്. 5 മെഡലുകളും ആയി അമേരിക്കയുടെ കാലബ് ഡ്രസൽ രണ്ടാമത് നിൽക്കുമ്പോൾ 5 താരങ്ങൾക്ക് 4 മെഡലുകൾ ഉണ്ട്. ഓസ്ട്രേലിയുടെ തന്നെ കെയ്ലി മക്കിയോണിനു 3 സ്വർണം അടക്കം നാലു മെഡലുകൾ ഉള്ളപ്പോൾ സാക്ഷാൽ കാറ്റി ലഡെക്കിയെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വീഴ്ത്തിയ അരിയാർണ ടിറ്റമസിനും 2 സ്വർണം അടക്കം നാലു മെഡലുകൾ ഉണ്ട്. വനിത താരങ്ങളുടെ ഈ മികവ് ആണ് ഓസ്ട്രേലിയക്ക് നീന്തലിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടം സമ്മാനിച്ചത്. 2 സ്വർണവും 2 വെള്ളിയും ആയി ചൈനക്ക് വലിയ നേട്ടം സമ്മാനിച്ച യാങ് യുഫെ, ബ്രിട്ടീഷ് താരം ഡങ്കൻ സ്കോട്ട് എന്നിവർക്കും നാലു മെഡലുകൾ ഉണ്ട്. അതേസമയം തന്റെ യഥാർത്ഥ മികവ് പുറത്ത് എടുക്കാൻ ആയില്ലെങ്കിലും ഇതിഹാസ താരം കാറ്റി ലഡെകിക്കും നാലു മെഡലുകൾ ഉണ്ട്. 800, 1500 ഫ്രീസ്റ്റൈൽ മീറ്ററുകളിൽ സ്വർണം നേടിയ കാറ്റി രണ്ട് തവണ വെള്ളിയും നേടി.