100 മീറ്ററിന് പിറകെ 200 മീറ്ററിലും തന്റെ ആധിപത്യം തുടർന്നു ജമൈക്കൻ താരം എലൈൻ തോംപ്സൻ ഹെറാ. 2016 റിയോ ഒളിമ്പിക്‌സിലും സമാന നേട്ടം കൈവരിച്ച താരം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ ആണ് 200 മീറ്റർ പൂർത്തിയാക്കിയത്. 100, 200 മീറ്ററുകളിൽ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ചരിത്രത്തിലെ ആദ്യ വനിത താരമായ എലൈൻ തോംപ്സൻ 21.53 സെക്കന്റിൽ ആണ് 200 മീറ്റർ ദൂരം താണ്ടിയത്. ചരിത്രത്തിലേക്ക് ഓടിയെത്തിയ എലൈൻ മറ്റ് താരങ്ങളെ ബഹുദൂരം പിന്നിലാക്കിയിരുന്നു.
തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ആയ 21.81 സെക്കന്റ് കുറിച്ച നമീബിയൻ താരം ക്രിസ്റ്റീന ബൊമ ആണ് ഇനത്തിൽ വെള്ളി മെഡൽ നേടിയത്. പലരും സ്വർണം പ്രതീക്ഷിച്ച ഗാബി തോമസ് ആണ് വെങ്കലം നേടിയത്. 21.87 സെക്കന്റിൽ ആണ് ഗാബി റേസ് പൂർത്തിയാക്കിയത്. സ്പ്രിന്റിൽ പുരുഷന്മാരിൽ തിരിച്ചടി നേരിട്ടെങ്കിലും വനിതകൾ ജമൈക്കക്ക് ആശ്വാസം ആയി. അതേസമയം ഇതിഹാസ താരം ഷെല്ലി ആൻ ഫ്രേസർ ഫൈനലിൽ നാലാമത് ആയി.