ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിലെ ഏറ്റവും കഠിനമെന്നു പറയുന്ന ഡെക്കാത്തലോണിൽ സ്വർണം നേടി ഒരു കനേഡിയൻ താരം ഡാമിയൻ വാർണർ. മൊത്തം 9018 പോയിന്റുകൾ നേടിയാണ് 10 ഇനങ്ങൾ ഉള്ള ഡെക്കാത്തലോണിൽ ഡാമിയൻ വാർണർ സ്വർണം നേടിയത്. ലോക ജേതാവും ഡെക്കാത്തലോണിലെ ലോക റെക്കോർഡിനു ഉടമയും ആയ ഫ്രഞ്ച് താരം കെവിൻ മേയറെ മറികടന്നാണ് വാർണർ സ്വർണം കയ്യിലാക്കിയത്. കെവിൻ മേയർ 8726 പോയിന്റുകൾ ആണ് നേടിയത്. അതേസമയം 8649 പോയിന്റുകൾ നേടിയ ഓസ്‌ട്രേലിയൻ താരം 21 കാരനായ മുൻ ജൂനിയർ ലോക ജേതാവ് ആഷ്‌ലി മൊളോണിയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. നൂറു മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ച വാർണർ 1066 പോയിന്റുകൾ ആണ് ഈ ഇനത്തിൽ നേടിയത് തൊട്ട് പിറകിൽ ആയി ആഷ്‌ലി 1013 പോയിന്റുകൾ നേടി. ലോങ് ജംപിൽ എല്ലാവരെയും വീണ്ടും ബഹുദൂരം പിന്നിലാക്കി ഏറ്റവും കൂടുതൽ ദൂരം കണ്ടത്തിയ വാർണർ 1123 പോയിന്റുകൾ ആണ് കണ്ടത്തിയത്. ഇതിലും രണ്ടാമത് ആയത് ആഷ്‌ലി ആയിരുന്നു.
ഷോട്ട് പുട്ടിൽ മികവ് കാണിച്ച കെവിൻ മേയർ മൂന്നാം ഇനത്തിനു ശേഷം ആണ് നാലാമത് എത്തുന്നത്. ഹൈ ജംപിൽ ആഷ്‌ലിയും മേയർ കൂടുതൽ മികവ് കാണിച്ചു വാർണറും ആയുള്ള പോയിന്റ് കുറച്ചു. 400 മീറ്റർ ഓട്ടത്തിൽ ഏറ്റവും മികച്ച 994 പോയിന്റുകൾ നേടിയ ആഷ്‌ലി വീണ്ടും വാർണറിന് വെല്ലുവിളി ആയി. എന്നാൽ 110 മീറ്റർ ഹർഡിൽസിൽ എല്ലാവരെയും പിന്നിലാക്കി വാർണർ തന്റെ ഒന്നാം സ്ഥാനം വീണ്ടും സുരക്ഷിതമാക്കി. ഡിസ്കസ് ത്രോയിലും വാർണർ തന്നെയാണ് മികച്ചു നിന്നത്. പോൾ വാൾട്ടിൽ എല്ലാവരെയും ബഹുദൂരം പിന്നിലാക്കിയ മേയർ നാലാമത് നിന്നു മൂന്നാം സ്ഥാനത്തേക്ക് കൂടുതൽ അടുത്തു. ജാവലിൻ ത്രോയിൽ മറ്റുള്ളവരെക്കാൾ 10 മീറ്ററിൽ അധികം എറിഞ്ഞ മേയർ നാലാമത് നിന്നു രണ്ടാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം ആണ് നടത്തിയത്. ഒടുവിൽ 1500 മീറ്ററിൽ വേണ്ട സമയം കുറിച്ചു മേയർ വെള്ളി നിലനിർത്തുകയും ചെയ്തതോടെ ആഷ്‌ലി മൂന്നാമത് ആയി. അപ്പോഴും ബഹുദൂരം മുന്നിൽ സ്വർണം വാർണർ ഉറപ്പിച്ചിരുന്നു.