ലോക അത്ലറ്റിക് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ നേട്ടം സ്വന്തം പേരിൽ കുറിച്ചു എത്യോപ്യൻ വംശജയായ ഡച്ച് താരം സഫാൻ ഹസാൻ! 5,000 മീറ്ററിൽ സ്വർണം ഓടിയെടുത്തതിനു പിറകെ 10,000 മീറ്ററിലും സ്വർണം ഓടിയെടുത്തു സഫാൻ. 1500 മീറ്ററിൽ വെങ്കലവും നേടിയ സഫാൻ ഈ മൂന്നു ഇനങ്ങളിലും ഒരു ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ചരിത്രത്തിലെ (പുരുഷ/സ്ത്രീ) ആദ്യ അത്ലറ്റുമായി. 1500 മീറ്ററിൽ തന്റെ സ്വർണം എന്ന സ്വപ്നം ഇന്നലെ അവസാനിച്ചു എങ്കിലും ഇന്ന് അതിനു പകരം 10,000 മീറ്ററിൽ സ്വർണം എടുക്കാൻ ഉറച്ച് തന്നെയാണ് സഫാൻ എത്തിയത്. മറ്റുള്ളവരെ ഏതാണ്ട് ഒരു സെക്കന്റ് പിന്നിലാക്കിയാണ് സഫാൻ സ്വർണം ഓടിയെടുത്തത്.
29 മിനിറ്റ് 55.32 സെക്കന്റിൽ 10,000 പൂർത്തിയാക്കിയ സഫാൻ സ്വർണവും ആയി നടന്നു കയറുന്നത് ഇതിഹാസ പദവിയിലേക്ക് അല്ലാതെ മറ്റൊന്നിനും അല്ല. ലോക ജേതാവ് ആയ 28 കാരി ചരിത്രത്തിൽ ഇതിഹാസ താരങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടം ആണ് ഓടിയെടുത്തത്. 29 മിനിറ്റ് 56.18 സെക്കന്റിൽ ഓടിയെത്തിയ ബഹ്‌റൈൻ താരമായ മറ്റൊരു എത്യോപ്യൻ വംശജയായ കാൽകിടാൻ ആണ് വെള്ളി നേടിയത്. എത്യോപ്യയുടെ ഗിഡി ആണ് വെങ്കലം നേടിയത്. ടോക്കിയോയിലെ കടുത്ത ചൂടിൽ ഒരുപാട് താരങ്ങൾക്ക് റേസ് പൂർത്തിയാക്കാൻ ആവാത്തതും കാണാൻ ആയി. റേസിന് ശേഷം തളർന്നു വീഴുന്ന സഫാൻ ഈ കടുത്ത പ്രതിസന്ധി അതിജീവിച്ചാണ് സ്വർണം ഓടിയെടുത്തത്.