ഒളിമ്പിക്സിൽ 13 ദിവസങ്ങൾ പിന്നിടുമ്പോൾ ഒന്നാമതുള്ള ചൈനയുമായുള്ള അകലം കുറച്ചു അമേരിക്ക. ഇന്ന് തങ്ങളുടെ മികവ് അത്ലറ്റിക്സ് അടക്കമുള്ളവയിൽ പൂർണമായും പുറത്ത് എടുക്കാൻ ആയില്ലെങ്കിലും വലിയ പ്രതീക്ഷ വച്ച് പുലർത്തിയ ഇനങ്ങളിൽ അവർ സ്വർണം നേടി. ഇന്ന് തങ്ങളുടെ വലിയ ശക്തിയായ ഡൈവിങിൽ അടക്കം അടക്കം രണ്ടു സ്വർണം തങ്ങളുടെ നേട്ടത്തിൽ ചേർത്ത ചൈന മെഡൽ നേട്ടം 34 സ്വർണം അടക്കം 74 ആക്കി ഉയർത്തി. അതേസമയം ഇന്ന് ശക്തമായ പ്രകടനം ആണ് അമേരിക്കയിൽ നിന്നു ഉണ്ടായത്. 4 സ്വർണം സ്വന്തം പേരിൽ ചേർത്ത അവർ നിലവിൽ 29 സ്വർണവും 35 വെള്ളിയും 27 വെങ്കലവും അടക്കം 91 മെഡലുകളുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. വരുന്ന 3 ദിവസം കൊണ്ട് ചൈനയെ മറികടക്കുക എന്നത് തന്നെയാണ് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
സമീപകാലത്തെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനവും ആയി ജപ്പാൻ തന്നെയാണ് നിലവിലും മൂന്നാം സ്ഥാനത്ത്. 22 സ്വർണം അടക്കം 46 മെഡലുകൾ ആണ് ജപ്പാന്റെ നേട്ടം. 17 സ്വർണം അടക്കം 41 മെഡലുകളും ആയി ഓസ്‌ട്രേലിയ നാലാമത് നിൽക്കുമ്പോൾ 16 വീതം സ്വർണവുമായി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയും ബ്രിട്ടനും അഞ്ചും ആറും സ്ഥാനത്ത് ആണ്. വരും ദിനങ്ങളിൽ തങ്ങളുടെ വലിയ ശക്തിയായ സൈക്കിളിംഗിൽ അടക്കം ബ്രിട്ടൻ ഒരു കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം മരുന്നടി വിവാദത്തിനു ശേഷം വിലക്ക് തളർത്തിയ റഷ്യൻ അത്ലറ്റുകൾക്ക് ഈ നേട്ടവും മികച്ചത് തന്നെയാണ് എന്നു പറയേണ്ടി വരും. ഇന്ത്യക്ക് ഒളിമ്പിക് ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ദിനങ്ങളിൽ ഒന്നു ആയിരുന്നു ഇന്ന്. ഗുസ്തിയിൽ രവി കുമാർ വെള്ളിയിൽ ഒതുങ്ങിയെങ്കിലും അത് വലിയ നേട്ടം തന്നെയായി. ഒപ്പം 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് ഒളിമ്പിക് ഹോക്കിയിൽ ഒരു മെഡൽ വെങ്കലമായി വന്നതും അവിസ്മരണീയ നിമിഷമായി. നിലവിൽ 2 വെള്ളിയും 3 വെങ്കലവും സ്വന്തമായുള്ള ഇന്ത്യ മെഡൽ നിലയിൽ 65 സ്ഥാനത്ത് ആണ്.