ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിത സ്ട്രീറ്റ് സ്‌കേറ്റ് ബോർഡിൽ വിസ്മയം തീർത്തു കൗമാര താരങ്ങൾ. യുവ തലമുറയുടെ മത്സരം എന്നറിയപ്പെടുന്ന സ്ട്രീറ്റ് സ്‌കേറ്റ് ബോർഡിൽ മെഡൽ നേടിയ മൂന്നു താരങ്ങളും വെറും 16 വയസ്സിൽ താഴെയുള്ളവർ. ജപ്പാന്റെ പുതിയ സൂപ്പർ താരം കൂടിയായ 13 വയസ്സ് മാത്രം പ്രായമുള്ള മോമിജി നിഷ്യ ആണ് ഈ ഇനത്തിൽ മിന്നും പ്രകടനവും ആയി സ്വർണം നേടിയത്. ഒസാക്കയിൽ നിന്നുള്ള മോമിജിക്ക് സ്വന്തം മണ്ണിൽ ഇത് സ്വപ്നനേട്ടം തന്നെയായി. ബ്രസീലിന്റെ മറ്റൊരു 13 കാരി റൈസ ലീൽ ആണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്.
ജപ്പാന്റെ തന്നെ 16 വയസ്സുകാരി ഫുന നകയാമ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്. അച്ഛനമ്മമാർ അപകടം ആണെന്ന് പറഞ്ഞു സ്കേറ്റ് ചെയ്യുന്നത് വിലക്കിയ ചരിത്രമുള്ള കുട്ടികളുടെ ഈ മിന്നും പ്രകടനം ഈ സ്‌കേറ്റ് ബോർഡിന് കൂടുതൽ ജനപ്രീതി നൽകും എന്നുറപ്പാണ്. ഈ ഇനത്തിൽ പുരുഷ വിഭാഗത്തിൽ ജപ്പാനും ബ്രസീലും തന്നെയാണ് സ്വർണവും നേടിയത്. ജപ്പാന്റെ ഹോറിഗോം സ്വർണം നേടിയപ്പോൾ ബ്രസീലിന്റെ ഹോഫ്ളർ വെള്ളി മെഡൽ നേടി. അമേരിക്കയുടെ ഈറ്റൻ ആണ് വെങ്കലം നേടിയത്.