ഇന്നാദ്യ സെമി, ന്യൂസിലാണ്ടും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍

ടി20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ന് ന്യൂസിലാണ്ടും പാക്കിസ്ഥാനും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തോല്പിച്ചപ്പോള്‍ തന്നെ ന്യൂസിലാണ്ട് സെമി ഉറപ്പാക്കുമെന്നാണ് ഏവരും ഉറപ്പിച്ചത്. മികച്ച റൺ റേറ്റോട് കൂടി ഗ്രൂപ്പ് 1ലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ടീമിന് ഇംഗ്ലണ്ടിനോടാണ് തോല്‍വിയേൽക്കേണ്ടി വന്നത്.

എന്നാൽ പാക്കിസ്ഥാനാകട്ടേ അവര്‍ പോലും പ്രതീക്ഷിക്കാതെയാണ് സെമി കണ്ടത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും പിന്നീട് സിംബാബ്‍വേയോടും തോറ്റ ടീം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും സെമി സ്ഥാനം ഉറപ്പല്ലായിരുന്നു. നെതര്‍ലാണ്ട്സിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെടുന്നത് വരെ മറ്റു മത്സരഫലങ്ങള്‍ അനുകൂലമായാൽ മാത്രം ഒരു പക്ഷേ സെമി കാണും എന്ന നിലയിൽ നിന്ന് സെമിയിലെത്തുകയായിരുന്നു പാക്കിസ്ഥാന്‍.

ടി20 ലോകകപ്പിൽ ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പാക്കിസ്ഥാനായിരുന്നു വിജയം. കെയിന്‍ വില്യംസൺ അവസാന മത്സരത്തില്‍ ഫോമിലേക്ക് എത്തിയത് ന്യൂസിലാണ്ടിന് ആശ്വാസം ആകുമ്പോള്‍ പാക്കിസ്ഥാന് ബാബര്‍ അസമിന്റെയും മൊഹമ്മദ് റിസ്വാന്റെയും ഫോമില്ലായ്മയാണ് അലട്ടുന്ന ഘടകം.

ഗ്ലെന്‍ ഫിലിപ്പ്സ് ശ്രീലങ്കയ്ക്കെതിരെ നേടിയ ശതകവും ന്യൂസിലാണ്ടിന്റെ ബാറ്റിംഗിന് കരുത്തേകുന്നു. ബൗളിംഗിൽ ഇരു ടീമുകളുടെയും പേസ് യൂണിറ്റ് കരുത്തുറ്റതാണ്.

ക്രിക്കറ്റിലെ തന്നെ ഏറ്റവും അപ്രവചനീയ ടീം തന്നെയാണ് പാക്കിസ്ഥാന്‍. ഒരു ദിവസം കരുതുറ്റ ടീമിനെ കശക്കിയെറിഞ്ഞാൽ തൊട്ടടുത്ത ദിവസം കുഞ്ഞന്മാരോട് കാലിടറുന്നത് പാക്കിസ്ഥാന് പുതുമയുള്ള കാര്യമല്ല.

കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ മാത്യുവെയിഡിന് മുന്നിലാണ് പാക്കിസ്ഥാന്‍ മുട്ട് മടക്കിയതെങ്കില്‍ ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെ മറികടന്നാണ് ഫൈനൽ കളിച്ചത്.