18 വർഷത്തെ കാത്തിരിപ്പാണ്! ദുബായ് ഓപ്പണിൽ ജ്യോക്കോവിച്ച് വീണു, ഡാനിൽ മെദ്വദേവ് ലോക ഒന്നാം നമ്പർ!

Screenshot 20220223 140522

നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം പുരുഷ ടെന്നീസിൽ ബിഗ് ഫോർ അല്ലാതെ ഒരു ലോക ഒന്നാം നമ്പർ താരം ഉദയം ചെയ്തു. റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് ലോക ഒന്നാം നമ്പർ താരമായി മാറിയത്. നീണ്ട കാലത്തെ നൊവാക് ജ്യോക്കോവിച്ച് ആധിപത്യത്തിന് ഇതോടെ അന്ത്യം ആയി. ദുബായ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച് ചെക് താരം ജിരി വെസലിയോട് തോൽവി വഴങ്ങിയതോടെയാണ് മെദ്വദേവ് ലോക ഒന്നാം നമ്പർ റാങ്കിൽ എത്തിയത്. ദുബായിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ചിന്റെ തോൽവി. മത്സരത്തിൽ 2 ബ്രൈക്കുകൾ കണ്ടത്തിയ ജ്യോക്കോവിച്ചിനെ ചെക് താരം മൂന്നു തവണ ബ്രൈക്ക് ചെയ്തു. ആദ്യ സെറ്റ് 6-4 നു നേടിയ ചെക് താരം രണ്ടാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ തിരിച്ചു വരവ് അതിജീവിച്ചു ടൈബ്രേക്കറിലൂടെ മത്സരം സ്വന്തം പേരിൽ കുറിച്ചു. സ്വപ്ന ജയവുമായി സെമിയിലേക്ക് മുന്നേറാൻ ചെക് താരത്തിന് ഇതോടെ സാധിച്ചു.

Screenshot 20220225 000157

എ.ടി.പി ലോക ഒന്നാം റാങ്കിൽ എത്തുന്ന 27 മത്തെ താരം ആണ് മെദ്വദേവ്. ഒപ്പം ലോക ഒന്നാം നമ്പർ ആകുന്ന ഏറ്റവും ഉയരം കൂടിയ താരവും റഷ്യൻ താരം തന്നെയാണ്. അതേസമയം അമേരിക്കൻ താരം മകൻസെ മക്ഡൊണാൾഡിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ച രണ്ടാം സീഡ് ആന്ദ്ര റൂബ്ലേവും സെമിയിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-2 നു വഴങ്ങിയ റൂബ്ലേവ് രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-1 നും നേടി മത്സരം സ്വന്തം പേരിലാക്കി. മൂന്നു തവണ ബ്രൈക്ക് വഴങ്ങിയ റൂബ്ലേവ് 5 തവണയാണ് അമേരിക്കൻ താരത്തെ തിരിച്ചു ബ്രൈക്ക് ചെയ്തത്. അതേസമയം നാലാം സീഡ് യാനിക് സിന്നറെ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന ഉമ്പർട്ട് ഹുർകാഷും സെമിയിലേക്ക് മുന്നേറി. ഏകപക്ഷീയമായ മത്സരത്തിൽ 3 തവണ രണ്ടു സെറ്റുകളിൽ ആയി സിന്നറെ ബ്രൈക്ക് ചെയ്ത ഹുർകാഷ് അനായാസ ജയത്തോടെ അവസാന നാലിൽ ഇടം പിടിച്ചു.