ബസ്ക്വറ്റ്സിന്റെ പിൻഗാമി….???നിക്കോ ബാഴ്‌സയിൽ തുടരും

20220722 184340

പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ കൊതിക്കുന്ന ബാഴ്‌സലോണ ടീമിലെ ഓരോ സ്ഥാനത്തേക്കും പുതിയ താരങ്ങളെ എത്തിക്കുന്ന തിരക്കിലാണ്. അതേ സമയം ബാസ്ക്വറ്റ്‌സ് കൈവശം വെച്ചിരിക്കുന്ന ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്ന് ബാഴ്‌സലോണക്ക് തിരിച്ചറിയുന്നുമുണ്ട്. അതും ടീമിന്റെ ശൈലി കൂടി തിരിച്ചറിയുന്ന ഒരാൾ കൂടി ആവണമെന്നത് പരിഗണിക്കുമ്പോൾ ആണ് നിക്കോ ഗോൺസാലസിന്റെ പ്രസക്തി ടീം തിരിച്ചറിയുന്നത്. എല്ലാത്തിലും ഉപരി ലാ മാസിയ താരവും.

മധ്യനിരയിൽ ആവശ്യത്തിൽ അധികം താരങ്ങൾ ഉള്ളതിനാൽ ലോണിൽ പോകാൻ തയ്യാറെടുക്കുകയാണ് താരം എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താരം ടീം വിടില്ല എന്ന ശക്തമായ സൂചനകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻപ് ടീം മാനേജ്‌മെന്റുമായുള്ള കൂടിക്കാഴ്‌ചയിൽ താരത്തിന്റെ ഏജന്റ് ജോർജോ മെന്റസ് ആരാഞ്ഞതും അടുത്ത സീസണിൽ താരത്തിന് ലഭിക്കാവുന്ന അവസരങ്ങളെ കുറിച്ചായിരുന്നു. ബെഞ്ചിൽ തന്നെ ഇരിക്കുന്നതിനെക്കാൾ നല്ലത് ലോണിൽ പോവുന്നതാണ് എന്നായിരുന്നു താരത്തിന്റെയും ഏജന്റിന്റെയും അഭിപ്രായം. പക്ഷെ കോച്ച് സാവിയുടെ പദ്ധതി മറ്റൊന്നായിരുന്നു. ബാഴ്‌സ യൂത്ത് ടീമുകളിൽ ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി കളിച്ചിട്ടുള്ള നിക്കോയെ ബാസ്ക്വറ്റ്‌സിന്റെ സ്ഥാനത്ത് പരീക്ഷിക്കുക. ഇത് സാവി താരത്തെ അറിയിക്കുയും ചെയ്തു. പ്രീ സീസണിൽ രണ്ടു പരിശീലന മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ഗ്രൗണ്ടിൽ ഉള്ള അത്രയും സമയം ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് തന്നെ നിക്കോയെ സാവി ഉപയോഗിച്ചു. രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനത്തോടെ സാവിയുടെ തീരുമാനത്തോട് നീതി പുലർത്താനും താരത്തിന് കഴിഞ്ഞു.

അവസരങ്ങൾ ഉറപ്പായതോടെ ടീം വിടുന്ന കാര്യം തൽക്കാലം നിക്കോ പരിഗണിക്കുന്നില്ല എന്നാണ് സൂചനകൾ. സാവിയുടെ പദ്ധതി അനുസരിച്ചു മുന്നോട്ടു പോകാനും ഡിസംബർ വരെ കക്കാനും ആണത്രേ താരത്തിന്റെ തീരുമാനം. കാര്യങ്ങൾ വിചാരിച്ച പോലെ ആയില്ലയെങ്കിൽ മാത്രം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ അവസരങ്ങൾ തേടി പുറത്തു പോകാൻ താരം തയ്യാറാകും. ബസ്ക്വറ്റ്സിന്റെ കരാർ അടുത്ത സീസണോടെ തീരും എന്നതിനാൽ നിക്കോയെ ആ സ്ഥാനത്ത് ഉപയോഗിക്കാൻ ബാഴ്‌സലോണ ഇപ്പോൾ മുതൽ ശ്രമിച്ചേ മതിയാകൂ.