നെയ്മറിന് രണ്ട് ഗോൾ, സമനിലയിൽ കുടുങ്ങി പി.എസ്.ജി

Staff Reporter

സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാകോ. 3-3നാണ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ മൊണാകോ സമനില പിടിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നെയ്മർ പി.എസ്.ജിക്ക് വേണ്ടി അവസാനം കളിച്ച 7 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുകയും ചെയ്തു. നവംബർ 1ന് ശേഷം ആദ്യമായിട്ടാണ് പി.എസ്.ജി ഒരു ലീഗ് മത്സരം ജയിക്കാതെ പോവുന്നത്.

ഗോൾ മഴ കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മാത്രം 5 ഗോളുകളാണ് പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ നെയ്മറിന്റെ ഗോളിൽ പി.എസ്.ജി മുൻപിൽ എത്തിയെങ്കിലും ഏഴാം മിനുട്ടിൽ ഗെൽസൺ മാർട്ടീൻസിലൂടെ മൊണാകോ സമനില പിടിച്ചു. തുടർന്ന് 13ആം മിനുറ്റിൽ മൊണാകോ ബെൻ യെഡെറിലൂടെ മത്സരത്തിൽ മുൻപിൽ എത്തിയെങ്കിലും 24 മിനുറ്റിൽ ലഭിച്ച സെൽഫ് ഗോളിൽ പി.എസ്.ജി മത്സരത്തിൽ സമനില പിടിച്ചു.

തുടർന്ന് ആദ്യ പകുതി കഴിയുന്നതിന് മുൻപ് നെയ്മറിന്റെ പെനാൽറ്റി ഗോളിലൂടെ പി.എസ്.ജി വീണ്ടും മുൻപിലെത്തുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ഇസ്ലാം സ്ലിമാനിയിലൂടെ മൊണാകോ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. പി.എസ്.ജിയോട് തുടർച്ചയായ 9 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് മൊണാകോ ഒരു മത്സരം സമനിലയിൽ പിടിക്കുന്നത്.