തന്റെ കരിയറിൽ 400 ഗോളുകൾ നേടുക എന്ന നേട്ടം സ്വന്തമാക്കി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഇന്ന് ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ബോർഡോക്ക് എതിരെ ഗോൾ നേടിയതോടെയാണ് താരം കരിയറിൽ 400 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്തിയത്. 2009 ൽ ബ്രസീൽ ക്ലബ് സാന്റോസിൽ ഗോൾ അടിച്ചാണ് സീനിയർ കരിയറിൽ നെയ്മർ ഗോൾ വേട്ട തുടങ്ങുന്നത്. 653 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ നേട്ടം പൂർത്തിയാക്കിയത്.
സാന്റോസിനായി തന്നെയാണ് നെയ്മർ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 138 ഗോളുകൾ ബ്രസീൽ ക്ലബിനായി താരം നേടിയിട്ടുണ്ട്. ബാഴ്സലോണക്ക് ആയി 114 ഗോളുകളും നിലവിൽ പാരീസിന് ആയി 69 ഗോളുകളും താരം നേടിയിട്ടുണ്ട്. ബ്രസീൽ ഒളിമ്പിക് ടീമിനായടക്കം(അണ്ടർ 23) വിവിധ തലത്തിൽ ഗോൾ കണ്ടത്തിയ നെയ്മർ ബ്രസീലിനു ആയി 70 ഗോളുകൾ ആണ് ഇത് വരെ നേടിയത്. ബ്രസീലിനു ആയി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ 78 ഗോളുകൾ എന്ന റെക്കോർഡ് നെയ്മറിന് കയ്യെത്തും ദൂരെയാണ്. കരിയറിൽ ഇനിയും നെയ്മറിന്റെ ബൂട്ടുകൾ നിരവധി ഗോൾ റെക്കോർഡുകൾ തിരുത്തും എന്നുറപ്പാണ്.