നെമിൽ സൂപ്പറാ!! ഗോവൻ വിജയത്തിൽ തിളങ്ങി മലയാളി താരം

ഡ്യൂറണ്ട് കപ്പിലെ ഇന്നത്തെ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് വിജയം. ഐ ലീഗ് ക്ലബായ സുദേവയെ നേരിട്ട എഫ് സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയത്തോടെ ഗോവ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മലയാളി യുവതാരം നെമിൽ മുഹമ്മദ് ഇന്ന് ഗോവക്കായി ഗോളുമായി തിളങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നെമിലിന്റെ ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച് മനോഹരമായി ടേർൺ ചെയ്ത് ഒരു ലോങ് റേഞ്ചറിലൂടെ നെമിൽ വല കണ്ടെത്തുക ആയിരുന്നു.

കഴിഞ്ഞ സീസൺ മുതൽ ഗോവയുടെ താരമായിരുന്നു എങ്കിലും നെമിൽ ഇതുവരെ സ്പെയിനിൽ ആയിരുന്നു. ഈ സീസണിലാണ് താരം ഗോവക്ക് ഒപ്പം ചേർന്നത്. ഈ സീസണിൽ ഗോവയുടെ നിർണായ താരമായി നെമിൽ മാറും എന്ന സൂചനകളാണ് ഡ്യൂറണ്ട് കപ്പിൽ നിന്ന് ലഭിക്കുന്നത്.

ഇന്ന് രണ്ടാം പകുതിയിൽ വിദേശ താരം ഓർടിസിലൂടെ ആണ് ഗോവ രണ്ടാം ഗോൾ നേടിയത്. മത്സരത്തിന് അവസാന നിമിഷം വില്യമിലൂടെ സുദേവ ഒരു ഗോൾ മടക്കി. രണ്ട് വിജയങ്ങളുമായാണ് ഗോവ ക്വാർട്ടർ ഉറപ്പിച്ചത്.