എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിൽ ജയം കണ്ടു ഗോൾഡൻ സ്റ്റേറ്റ് വാരിയേർസ്. ബോസ്റ്റൺ സെൽറ്റിക്സിനെ 107-97 എന്ന സ്കോറിന് തോൽപ്പിച്ചതോടെ ഫൈനൽ സീരീസ് 2-2 എന്ന നിലയിൽ ആക്കാനും അവർക്ക് കഴിഞ്ഞു. തികച്ചും അവിശ്വസനീയം ആയ പ്രകടനം കാഴ്ച വച്ച സ്റ്റെഫ് കറിയുടെ മികവിൽ ആണ് വാരിയേർസ് ജയം പിടിച്ചെടുത്തത്. ബോസ്റ്റണിന് ആയി ആർത്ത് വിളിച്ച കാണികൾക്ക് മുന്നിൽ 43 പോയിന്റുകളും, 10 റീബോണ്ടുകളും, 4 അസിസ്റ്റുകളും നേടിയ കറി ഏതാണ്ട് ഒറ്റക്ക് വാരിയേർസിനെ തോളിൽ ഏറ്റി. എൻ.ബി.എ ഫൈനൽസിൽ 40 നു മുകളിൽ പോയിന്റുകളും 10 നു മുകളിൽ റീബോണ്ടുകളും നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരം ആയും 34 വയസ്സും 88 ദിവസവും പ്രായമുള്ള കറി മാറി.
2020 തിൽ 35 വയസ്സും 284 ദിവസവും ഉള്ളപ്പോൾ സമാന പ്രകടനം പുറത്ത് എടുത്ത സാക്ഷാൽ ലെബ്രോൺ ജെയിംസ് മാത്രം ആണ് കറിക്ക് മുന്നിലുള്ള ഏക താരം. ഏതാണ്ട് മത്സരത്തിൽ 42 മിനിറ്റ് സമയവും സെൽറ്റിക്സ് ആധിപത്യം പുലർത്തിയ മത്സരത്തിൽ പരിശീലകൻ സ്റ്റീവ് കെറിന്റെയും കറി, തോമ്പ്സൺ എന്നിവരുടെയും മികവിൽ ആണ് വാരിയേർസ് തിരിച്ചു വന്നത്. ക്ലെ തോമ്പ്സൺ 18 പോയിന്റുകൾ ആണ് മത്സരത്തിൽ നേടിയത്. എൻ.ബി.എ ഫൈനലുകളിൽ 200 അസിസ്റ്റുകൾ തികച്ച ഡ്രൈമണ്ട് ഗ്രീനും വാരിയേർസിന് ആയി തിളങ്ങി. ഫൈനലുകളിൽ മൂന്നു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ഒരു മത്സരം മാത്രം ഇനി ബോസ്റ്റണിൽ കളിച്ചാൽ മതി എന്നത് വാരിയേർസിന് മുൻതൂക്കം നൽകുന്നുണ്ട്. ഫൈനലുകളിലെ അഞ്ചാം മത്സരം തിങ്കളാഴ്ച സാൻ ഫ്രാൻസിസ്കോയിൽ ആണ് നടക്കുക.