ഇറ്റാലിയൻ സീരി എയിൽ കിരീട നേട്ടം ആഘോഷമാക്കി നാപോളി. ഇന്നത്തെ മത്സരത്തിൽ ഇന്റർ മിലാനെയും വീഴ്ത്തിയ അവർ സീസണിൽ എല്ലാ ഇറ്റാലിയൻ ക്ലബുകൾക്കും മേൽ ജയം കണ്ടത്തി. പരാജയം മൂന്നാം സ്ഥാനത്ത് ഉള്ള ഇന്റർ മിലാന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു നാപോളി ജയം. മത്സരത്തിൽ ആദ്യ പകുതിയുടെ 41 മത്തെ മിനിറ്റിൽ മധ്യനിര താരം റോബർട്ടോ ഗാഗ്ലിയാർഡിനി രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ഇന്റർ 10 പേരായി ചുരുങ്ങി. എങ്കിലും നാപോളി മുന്നേറ്റങ്ങളെ അവർ നന്നായി പ്രതിരോധിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ സെലിൻസികിയുടെ പാസിൽ നിന്നു ഗോൾ നേടിയ ആഗുസിയ ഇന്റർ പ്രതിരോധം ഭേദിച്ചു. തുടർന്നും നാപോളി മുന്നേറ്റം തന്നെയാണ് കാണാൻ ആയത്. 82 മത്തെ മിനിറ്റിൽ ഡിമാർകോയുടെ പാസിൽ നിന്നു ഗോൾ നേടിയ റോമലു ലുകാകു ഇന്ററിന് സമനില നൽകി. എന്നാൽ 3 മിനിറ്റിനുള്ളിൽ ആഗുസിയയുടെ പാസിൽ നിന്നു ഗോൾ നേടിയ ജിയോവാണി ഡി ലോറൻസോ നാപോളിയെ വീണ്ടും മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജിയോവാണി സിമിയോണിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മറ്റൊരു പകരക്കാരൻ ജിയാൻലൂക ഗയറ്റാനോ നാപോളി ജയം ഉറപ്പിക്കുക ആയിരുന്നു. ഇന്റർ മിലാന്റെ 9 മത്സരങ്ങളുടെ വിജയകുതിപ്പിന് ആണ് ഇതോടെ അന്ത്യം ആയത്.