ഗ്രാന്റ് സ്‌ലാം മത്സരങ്ങളിൽ ഈ സീസണിലെ അപരാജിത കുതിപ്പ് തുടർന്ന് രണ്ടാം സീഡ് റാഫേൽ നദാൽ. യു.എസ് ഓപ്പൺ ആദ്യ റൗണ്ട് ജയത്തോടെ ഗ്രാന്റ് സ്‌ലാം മത്സരങ്ങളിൽ തുടർച്ചയായ ഇരുപതാം ജയം ആണ് നദാൽ കുറിച്ചത്. ഓസ്‌ട്രേലിയൻ താരം റിങ്കി ഹിജിക്കാതയെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് 22 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ നദാൽ മറികടന്നത്. പൂർണ മികവിലേക്ക് ഉയരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച നദാൽ എതിരാളിയുടെ സർവീസ് 5 തവണ ബ്രൈക്ക് ചെയ്തു. 4-6, 6-2, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തോൽക്കാത്ത പതിവ് താരം ഇന്നും തുടർന്നു.
സെർബിയൻ താരം ലാസ്ലോ ഡറെയെ അഞ്ചു സെറ്റ് പോരാട്ടത്തിൽ മറികടന്ന ഒമ്പതാം സീഡ് ആന്ദ്ര റൂബ്ലേവും രണ്ടാം റൗണ്ടിൽ എത്തി. കടുത്ത പോരാട്ടം നേരിട്ട റൂബ്ലേവ് 7-6, 6-3 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടിയെങ്കിലും മൂന്നും നാലും സെറ്റുകൾ 6-3, 6-4 എന്ന സ്കോറിന് കൈവിട്ടു. എന്നാൽ അവസാന സെറ്റിൽ നിർണായക ബ്രൈക്ക് നേടിയ റൂബ്ലേവ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ജർമ്മൻ താരം ഓസ്കാർ ഓട്ടയെ 6-4, 6-2, 6-4 എന്ന അനായാസ ജയവുമായി എട്ടാം സീഡ് ഉമ്പർട്ട് ഹുർകാഷും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 18 ഏസുകൾ ആണ് ഹുർകാഷ് മത്സരത്തിൽ ഉതിർത്തത്.
ജർമ്മൻ താരം ഡാനിയേൽ ആൾട്മെയറിന്റെ കടുത്ത വെല്ലുവിളി ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ നേരിട്ടത്. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം 6-2, 6-1 എന്ന സ്കോറിന് സിന്നർ രണ്ടും മൂന്നും സെറ്റുകൾ സിന്നർ നേടി. എന്നാൽ നാലാം സെറ്റ് 6-3 നു ജർമ്മൻ താരം നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റ് 6-1 നു നേടി സിന്നർ മത്സരം ജയിക്കുക ആയിരുന്നു. 14 സീഡ് ഡീഗോ ഷ്വാർട്സ്മാൻ, 15 സീഡും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ മാരിൻ ചിലിച്, 19 സീഡ് ഡെന്നിസ് ഷപവലോവ്, 22 സീഡ് ഫ്രാൻസസ് ടിയഫോ, 25 സീഡ് ബോർണ ചോരിച് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.