22 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ ആദ്യ എട്ടിൽ കടന്നു. 4 സെറ്റ് നീണ്ടു നിന്നെങ്കിലും നദാലിന് വലിയ ഭീഷണി ആവാൻ സിലിച്ചിനു സാധിച്ചില്ല എന്നതാണ് വാസ്തവം. ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തിയ നദാൽക്ക് അതേനാണയത്തിൽ മറുപടി നൽകിയ സിലിച്ച് രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഓപ്പമെത്തി. എന്നാൽ അതിനു ശേഷം ഒരവസരവും ദയയും കാണിക്കാതിരുന്ന നദാൽ 6-1 നു മൂന്നാം സെറ്റും 6-2 നു നാലാം സെറ്റും നേടി മത്സരം സ്വന്തമാക്കി. 6 തവണ സിലിച്ചിന്റെ സർവീസ് ഭേദിച്ച നദാൽ തന്റെ മികച്ച ഫോമിൽ ആയിരുന്നു. മുന്നിലുള്ള എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നദാലിന്റെ ഈ പ്രകടനം.
അതേസമയം 6 സീഡും ജർമൻ യുവതാരവും ആയ അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി. 20 സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് ജർമ്മൻ താരത്തിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അന്ത്യം കുറിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ശേഷം ആയിരുന്നു സെവർവ്വ് മത്സരം അർജന്റീന താരത്തിന് മുന്നിൽ അടിയറവ് വച്ചത്. രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തിയ ഡീഗോ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സെവർവിനു സ്വന്തം പിഴവുകൾ ആണ് കൂടുതൽ വിനയായത്. 16 ഡബിൾ ഫാൾട്ടുകൾ ആണ് സെവർവ്വ് മത്സരത്തിൽ വരുത്തിയത്. 6-4 നു മൂന്നാം സെറ്റും 6-3 നു നാലാം സെറ്റും നേടിയ അർജന്റീന താരം ആദ്യ എട്ടിലേക്ക് മുന്നേറി. ക്വാട്ടർ ഫൈനലിൽ റാഫേൽ നദാൽ ആണ് അർജന്റീന താരത്തിന്റെ എതിരാളി.