ഡല്‍ഹിയെ വിറപ്പിച്ച് മോര്‍ഗന്‍ – ത്രിപാഠി കൂട്ടുകെട്ട്, 18 റണ്‍സ് വിജയം പിടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് വിജയം. ഇന്നത്തെ മത്സരത്തില്‍ 229 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 122/6 എന്ന നിലയിലേക്ക് വീണ ശേഷം 78 റണ്‍സ് കൂട്ടുകെട്ടുമായി ഓയിന്‍ മോര്‍ഗന്‍ – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഡല്‍ഹി നിരയില്‍ ഭീതി പടര്‍ത്തിയെങ്കിലും ഇരുവരും പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

Eoinmorgan

സുനില്‍ നരൈന്‍ തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത് രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി ശുഭ്മന്‍ ഗില്‍ – നിതീഷ് റാണ കൂട്ടുകെട്ടായിരുന്നു. നിതീഷ് റാണയുടെ ക്യാച്ച് സ്വന്തം ബൗളിംഗില്‍ അമിത് മിശ്ര കൈവിട്ടുവെങ്കിലും തന്റെ അടുത്ത ഓവറില്‍ മിശ്ര ഗില്ലിനെ പുറത്താക്കി ടീമിന് രണ്ടാമത്തെ ബ്രേക്ക്ത്രൂ നല്‍കി. 22 പന്തില്‍ നിന്ന് 28 റണ്‍സാണ് ശുഭ്മന്‍ ഗില്‍ നേടിയത്.

Kagisorabadaആന്‍ഡ്രേ റസ്സല്‍ ക്രീസിലെത്തിയപ്പോള്‍ കാഗിസോ റബാഡയെ ബൗളിംഗിനെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ആവേശകരമാക്കി. റബാഡയ്ക്കെതിരെ ഒരു ഫോറും സിക്സും റസ്സല്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരത്തെ പുറത്താക്കി റബാഡ തിരിച്ചടിച്ചു. 8 പന്തില്‍ 13 റണ്‍സാണ് റസ്സല്‍ നേടിയത്. പത്തോവറില്‍ കൊല്‍ക്കത്ത 94 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

എന്നാല്‍ 3 പന്തുകള്‍ക്ക് ശേഷം 58 റണ്‍സ് നേടിയ നിതീഷ് റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു. അതെ ഓവറില്‍ തന്നെ ദിനേശ് കാര്‍ത്തികനെ കൂടി നഷ്ടമായതോടെ കൊല്‍ക്കത്ത കൂടുതല്‍ പ്രതിസന്ധിയിലായി. ഹര്‍ഷല്‍ പട്ടേലിന് തന്നെയായിരുന്നു കാര്‍ത്തിക്കിന്റെ വിക്കറ്റും.

Nitishrana

തൊട്ടടുത്ത ഓവറില്‍ ആന്‍റിക് നോര്‍കേ പാറ്റ് കമ്മിന്‍സിനെയും പുറത്താക്കിയതോടെ ഉത്തവാദിത്വം മുഴുവന്‍ ഓയന്‍ മോര്‍ഗനിലേക്ക് വന്നു. റബാഡയെറിഞ്ഞ 16ാം ഓവറില്‍ ഒരു സിക്സും ഫോറും അധികം 14 റണ്‍സാണ് മോര്‍ഗനും ത്രിപാഠിയും നേടിയത്.

24 പന്തില്‍ 77 റണ്‍സെന്ന നിലയിലേക്ക് അവസാന നാലോവറിലേക്ക് മത്സരം വരികയും മാര്‍ക്ക് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറില്‍ രാഹുല്‍ ത്രിപാഠി മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സ് നേടിയതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 54 റണ്‍സായി മാറി.

ശ്രേയസ്സ് അയ്യര്‍ വീണ്ടും കാഗിസോ റബാഡയ്ക്ക് ഓവര്‍ നല്‍കിയതോടെ മൂന്ന് സിക്സറുകള്‍ പറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും സാധ്യത കൊണ്ടു വന്നു. ഓവറിലെ അവസാന പന്ത് രാഹുല്‍ ത്രിപാഠി ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 23 റണ്‍സ് വന്നു.

ലക്ഷ്യം ഇതോടെ 12 പന്തില്‍ 31 റണ്‍സായി മാറി. ആന്‍റിക് നോര്‍കേ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തില്‍ മോര്‍ഗന്‍ ബൗണ്ടറി ലൈനില്‍ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ 18 പന്തില്‍ നിന്നാണ് 44 റണ്‍സ് നേടിയത്. 5 സിക്സ് അടക്കമായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ലക്ഷ്യം അവസാന ഓവറില്‍ 26 റണ്‍സും സ്ട്രൈക്കില്‍ രാഹുല്‍ ത്രിപാഠിയും.

അവസാന ഓവര്‍ എറിയുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസ് എത്തിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ ത്രിപാഠി ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ താരത്തെ സ്റ്റോയിനിസ് മടക്കി. പിന്നീട് ശിവം മാവിയും കമലേഷ് നാഗര്‍കോടിയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമേ നേടാനായുള്ളു.

രാഹുല്‍ ത്രിപാഠി 16 പന്തില്‍ 36 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഡല്‍ഹിയ്ക്കായി ആന്‍റിക് നോര്‍കേ 3 വിക്കറ്റ് നേടി. റബാഡയ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചു. കൂടാതെ അത്ര മികച്ച മത്സരമായിരുന്നില്ല താരത്തിന്.