സൂപ്പർ സബ്ബായി കേരളത്തിന്റെ സ്വന്തം ഗനി, മൊഹമ്മദൻസിന് ഐ ലീഗിലേക്ക് സ്വാഗതം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് ദേശീയ ലീഗിലേക്ക് മടങ്ങി എത്തി. ഐ ലീഗ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ബവാനിപൂർ എഫ് സിയെ തോൽപ്പിച്ചതോടെയാണ് മൊഹമ്മദൻസ് ഐ ലീഗ് പ്രവേശനം ഉറപ്പാക്കിയത്. ഇന്ന് വിജയിക്കുന്നവർ ഐ ലീഗിൽ എത്തും എന്ന നിലയിലായിരുന്നു മത്സരം തുടങ്ങിയത്. മികച്ച ഫുട്ബോൾ പുറത്തെടുത്ത മൊഹമ്മദൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്.

ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ യുവതാരം വാൻലാൽബിയ ചാങ്തെയിലൂടെ ആയിരുന്നു മൊഹമ്മദൻസിന്റെ ആദ്യ ഗോൾ‌. പ്ലാസയും ഫയസും കൂടിയാണ് ആ ഗോൾ ഒരുക്കിയത്. ബവാനിപൂർ സമനിലയ്ക്കായി നല്ല പരിശ്രമങ്ങൾ നടത്തി എങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ മലയാളി താരൻ ഗനി നിഗം മൊഹമ്മദൻസിന്റെ ഐ ലീഗ് പ്രവേശനം ഉറപ്പിച്ചു. 67ആം മിനുട്ടിൽ ഒരു വോളിയിലൂടെ ആയിരുന്നു ഗനിയുടെ ഗോൾ. ഗനിയുടെ മൊഹമ്മദൻസിനായുള്ള ആദ്യ ഗോളുമായിരുന്നു ഇത്.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൊഹമ്മദൻസിന് ഒമ്പത് പോയിന്റായി. മൂന്ന് മത്സരങ്ങളിൽ നിന്ന് ബവാനിപൂരിന് 6 പോയിന്റാണ് ഉള്ളത്. അവസാന മത്സരത്തിൽ മൊഹമ്മദൻസ് തോൽക്കുകയും ബവാനിപൂർ വിജയിക്കുകയും ചെയ്താലും ഹെഡ് ടു ഹെഡ് മികവിൽ മൊഹമ്മദൻസ് വിജയികളായി ഐ ലീഗിൽ എത്തും. 2014-15 സീസണിലാണ് അവസാനമായി മൊഹമ്മദൻസ് ഐ ലീഗിൽ കളിച്ചത്.