എ സി മിലാന്റെ ഗംഭീര ഫോം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലാസിയോയെ തോൽപ്പിച്ച മിലാൻ ഇപ്പോൾ ഒന്നാം സ്ഥാനക്കാരായ യുവന്റസിനെ തോൽപ്പിച്ചിരിക്കുകയാണ്. അതും ചെറിയ വിജയമല്ല. തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി ആയിരുന്നു വിജയം. യുവന്റസിന് ഒന്നാം സ്ഥാനത്ത് വൻ ലീഡ് എടുക്കാനുള്ള അവസരമാണ് നഷ്ടമായത്.
മത്സരത്തിലെ ആറു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനുട്ടിൽ റാബിയോയുടെ ഗംഭീര സ്ട്രൈക്കാണ് യുവന്റസിന് ലീഡ് നൽകിയത്. റാബിയോയുടെ ആദ്യ യുവന്റസ് ഗോളാണിത്. പിന്നാലെ 53ആം മിനുട്ടിൽ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുവന്റസ് ലീഡ് ഇരട്ടിയാക്കി. പിന്നെ ആയിരുന്നു മിലാന്റെ തിരിച്ചുവരവ്. 62ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഇബ്രാഹിമോവിച് മിലാന്റെ ആദ്യ ഗോൾ നേടി.
66ആം മിനുട്ടിൽ കെസ്സിയിലൂടെ മിലാൻ സമനില പിടിച്ചു. ഇബ്ര ആയിരുന്നു ആ ഗോൾ ഒരുക്കിയത്. ഒരു മിനുട്ട് കൊണ്ട് മിലാൻ ലീഡിൽ എത്തിയ മൂന്നാം ഗോളും നേടി. റാഫേൽ ലിയോ ആയിരുന്നു മിലാന്റെ മൂന്നാം ഗോൾ നേടിയത്. 80ആം മിനുട്ടിലെ റെബിക് ഗോൾ എ സി മിലാനെ 4-2ന് മുന്നിൽ എത്തിക്കുകയും യുവന്റസിന്റെ പ്രതീക്ഷകൾ അവസാനിപ്പിക്കുകയും ചെയ്തു. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 75 പോയന്റുമായി ഇപ്പോഴും യുവന്റസ് ഒന്നാമത് നിൽക്കുകയാണ്. 49 പോയന്റുമായി മിലാൻ അഞ്ചാം സ്ഥാനത്താണ്.