ഇന്ത്യയിൽ മുസ്‌ലിംകൾക്ക് എതിരെ നടക്കുന്ന സമീപകാല ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ പ്രതികരിച്ചു മുൻ ജർമ്മൻ താരം മെസ്യുട് ഓസിൽ. എന്നും രാഷ്ട്രീയ നിലപാടുകൾ എടുക്കാൻ മടി കാണിക്കാത്ത മുൻ ആഴ്‌സണൽ, റയൽ മാഡ്രിഡ് താരം ഇത്തവണയും തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ മടി കാണിച്ചില്ല. റംസാനിലെ പുണ്യമായ ലൈലത്തുൽ ഖദർ രാത്രിയിൽ താൻ ഇന്ത്യയിലെ മുസ്ലിം സഹോദരി, സഹോദരങ്ങളുടെ സുരക്ഷക്കും നന്മക്കും ആയി താൻ പ്രാർത്ഥിക്കുന്നു എന്നാണ് ഓസിൽ കുറിച്ചത്.
നിലവിൽ ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന പരിതാപകരമായ അവസ്ഥ ലോകം അറിയട്ടെ എന്നും താരം കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന വലിയ ചോദ്യവും ജർമ്മൻ ലോകകപ്പ് ജേതാവ് ചോദിച്ചു. മൗനം അവസാനിപ്പിക്കുന്നു എന്ന ഹാഷ് ടാഗ് ഇട്ടാണ് താരം തന്റെ അഭിപ്രായം ട്വിറ്ററിൽ കുറിച്ചത്. ഡൽഹി ജമാ മസ്ജിദിൽ വിശ്വാസികൾ നോമ്പ് തുറക്കുന്ന ചിത്രം അടക്കം ആണ് ഓസിൽ തന്റെ ട്വീറ്റ് ഇട്ടത്. നേരത്തെ കർണാടകയിലെ ഹിജാബ് വിവാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബയും ഇന്ത്യൻ മുസ്‌ലിംകൾക്ക് ആയി ശബ്ദം ഉയർത്തിയിരുന്നു.