അവിശ്വസനീയം ആയ പ്രകടനവും ആയി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്ക് ആയി അരങ്ങേറി ഇതിഹാസതാരം ലയണൽ മെസ്സി. അമേരിക്കൻ ക്ലബുകളും മെക്സിക്കൻ ക്ലബുകളും തമ്മിൽ നടക്കുന്ന ലീഗ് കപ്പ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തിൽ മെക്സിക്കൻ ക്ലബ് ക്രുസ് അസുളിനു എതിരെയാണ് മെസ്സി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്. മെസ്സിക്ക് ഒപ്പം സെർജിയോ ബുസ്കെറ്റ്സും മയാമിക്ക് ആയി പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.
ബാസ്‌കറ്റ് ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ്, ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടക്കം സ്പോർട്സ് സിനിമ രംഗത്തെ നിരവധി പ്രമുഖർ ആണ് മെസ്സിയുടെ അരങ്ങേറ്റം കാണാൻ എത്തിയത്. മത്സരത്തിൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ആരാധകരുടെ നിർത്താത്ത കയ്യടികളുടെ അകമ്പടിയോടെ ആണ് മെസ്സി പകരക്കാരനായി അമേരിക്കൻ ക്ലബിന് ആയി അരങ്ങേറ്റം കുറിച്ചത്. ക്യാപ്റ്റന്റെ ആം ബാന്റും തുടർന്ന് മെസ്സി ആണ് അണിഞ്ഞത്.
മത്സരത്തിൽ 44 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്ലറിലൂടെ മയാമി മുന്നിൽ എത്തിയപ്പോൾ 65 മത്തെ മിനിറ്റിൽ ഉരിയൽ അന്റുലയിലൂടെ മെക്സിക്കൻ ക്ലബ് സമനില നേടി. സമനില ആയി പെനാൽട്ടിയിലേക്ക് പോകും എന്നു കരുതിയ മത്സരത്തിൽ ആണ് അവസാന നിമിഷം 94 മത്തെ മിനിറ്റിൽ മെസ്സിയുടെ മാജിക് ഫ്രീകിക്ക് പിറന്നത്. തന്റെ പതിവ് ഫ്രീകിക്ക് ഗോളുകളെ ഓർമ്മിപ്പിച്ച മെസ്സി മയാമിക്ക് അരങ്ങേറ്റത്തിൽ തന്നെ വിജയവും സമ്മാനിക്കുക ആയിരുന്നു. 11 മത്സരങ്ങൾക്ക് ശേഷം ആദ്യമായാണ് മയാമി ഒരു മത്സരം ജയിക്കുന്നത്.