വാക്കുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. സെവിയ്യക്ക് എതിരെ ഇന്ന് കണ്ട മെസ്സി അങ്ങനെ ഒരു മെസ്സി ആയിരുന്നു. രണ്ട് തവണ പിറകിൽ പോയ ബാഴ്സലോണയെ ഒറ്റയ്ക്ക് കൈ പിടിച്ച് ഉയർത്തി വിജയവുമായി കാറ്റലോണിയയിലേക്ക് മടങ്ങാൻ ഇന്ന് മെസ്സിക്ക് ആയി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണ ജയം. ഹാട്രിക്കും ഒപ്പം ഒരു അസിസ്റ്റും നേടാൻ ഇന്ന് മെസ്സിക്കായി.
ഇന്ന് അത്ര മികച്ച തുടക്കമായിരുന്നില്ല ബാഴ്സലോണക്ക് ലഭിച്ചത്. കളിയുടെ 22ആം മിനുട്ടിൽ ജീസസ് നവാസിന്റെ ഗോളിൽ ബാഴ്സലോണ പിറകിലായി. പക്ഷെ നാലു മിനുട്ടുകൾക്കകം മെസ്സി തിരികെ ബാഴ്സയെ ഒപ്പം എത്തിച്ചു. 42ആം മിനുട്ടിൽ മെർകാഡോയിലൂടെ സെവിയ്യ് ലീഡ് തിരിച്ചു പിടിച്ചു. ആദ്യ പകുതി 2-1 എന്ന സ്കോറിൽ അവസാനിപ്പിക്കാനും സെവിയ്യക്കായി.
രണ്ടാം പകുതിയിൽ മെസ്സി തന്റെ സ്വരൂപം പുറത്തെടുത്തു. ആദ്യ 67ആം മിനുട്ടിൽ ഒരു വലം കാലൻ കേർലർ. വലയുടെ അകത്ത് തന്നെ പന്ത് എത്തി. പിന്നെ പിറകെ ഒരു ടിപിക്കൽ മെസ്സി ചിപ്. സ്കോർ 3-2. മെസ്സിക്ക് തന്റെ 50ആം ഹാട്രിക്ക്. ലാലിഗയിൽ ഈ സീസണിലെ 25ആം ഗോൾ. അവിടെയും മെസ്സി നിർത്തിയില്ല. ഫോമിൽ ഇല്ലാത്ത സുവാരസിന് ഒരു ഗോൾ ഒരുക്കി കൊടുക്കാനും ഫൈനൽ വിസിലിനു മുന്നെ മെസ്സിക്ക് ആയി.
ഈ ജയം ബാഴ്സലോണയുടെ ലീഗിലെ ലീഡ് 10 ആക്കി ഉയർത്തി.