ലയണൽ മെസ്സി ബാഴ്സലോണ താരമല്ലാതായിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലിള്ള കരാർ അവസാനിച്ചു. കരിയറിൽ ഇത്ര കാലവും ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്ന മെസ്സി ആദ്യമായി ബാഴ്സലോണയുടെ താരമല്ലാതായിരിക്കുകയാണ്. ഇപ്പോൾ ഫ്രീ ഏജന്റാണ് മെസ്സി എങ്കിലും ഉടൻ തന്നെ താരം ബാഴ്സലോണയിൽ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെസ്സിക്ക് ബാഴ്സലോണ രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ കരാർ മെസ്സി അംഗീകരിക്കും. പക്ഷെ ചില സാങ്കേതിക കാര്യങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ച് മെസ്സിയെ ക്ലബിനൊപ്പം നിലനിർത്തും എന്നും ബാഴ്സലോണ പ്രസിഡന്റ് ലപോർട പറഞ്ഞു. മെസ്സി ക്ലബ് വിടില്ല എന്നുള്ള കാര്യം ഉറപ്പാണ്. മെസ്സിക്കായി ഇതുവരെ ഒരു ക്ലബും രംഗത്ത് വന്നിട്ടുമില്ല. എന്നാലും മെസ്സി പുതിയ കരാർ ഒപ്പുവെച്ചാൽ മാത്രമെ ആരാധകർക്ക് സമാധാനം ആവുകയുള്ളൂ. മെസ്സിയെ നിലനിർത്താൻ വേണ്ടി ടീം ശക്തമാക്കാനുള്ള എല്ലാ നടപടികളും ലപോർട നേരത്തെ തന്നെ സ്വീകരിക്കുന്നുണ്ട്. ഇതിനകം തന്നെ നാലു സൈനിംഗുകൾ ബാഴ്സലോണ ഈ സീസണിൽ നടത്തി.