ബാഴ്സലോണ ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കുന്നതായി ഇന്നത്തെ ബാഴ്സലോണ പ്രസിഡന്റിന്റെ പത്ര സമ്മേളനം. മെസ്സിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു എന്നും ഇനി പ്രതീക്ഷകൾ വേണ്ട എന്നും ബാഴ്സലോണ പ്രസിഡന്റ് ലപോർടെ പറഞ്ഞു. മെസ്സിയും ബാഴ്സലോണയും പരസ്പരം എല്ലാം അംഗീകരിച്ചതായിരുന്നു എന്നും എന്നാൽ ലാലിഗ ആ കരാർ അംഗീകരിച്ചില്ല എന്നും ലപോർട പറഞ്ഞു. അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ മെസ്സി തയ്യാറായിരുന്നു. ലപോർട പറഞ്ഞു.
ഇനി ഒന്നിനും സമയം ഇല്ല എന്നും മെസ്സി ബാഴ്സലോണയിൽ ഉണ്ടായിരിക്കില്ല എന്നും അദ്ദേഹം അടിവരയിട്ടു. മെസ്സിക്ക് ഇനി പുതിയ തട്ടകം നോക്കാം എന്നും അദ്ദേഹം പറഞ്ഞു. യൊഹാൻ ക്രൈഫിനെ ഒക്കെ പോലെ ഒരു യുഗമാണ് മെസ്സിയോടെ അവസാനിക്കുന്നത് എന്നും ലപോർട പറഞ്ഞു. മെസ്സിക്ക് ശേഷമുള്ള ബാഴ്സലോണ എന്ന ചിന്ത ഇത്ര പെട്ടെന്ന് തുടങ്ങേണ്ടി വരും എന്ന് കരുതിയില്ല എന്നും ലപോർട പറഞ്ഞു. മെസ്സിയോട് ബാഴ്സലോണ എക്കാലവും കടപ്പെട്ടിരിക്കും എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു.